കിഴക്കമ്പലം: റെയ്ഡിന്റെ മറവിൽ കവർച്ച നടത്തി അറസ്റ്റിലായ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ സർവീസിൽ തിരികെയെത്തുന്നതിന് തടയിട്ട് പൊലീസ് കുരുക്ക് മുറുക്കുന്നു. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫിസർ നെല്ലിക്കുഴി പുഴക്കര സലീം യൂസഫ് (52), ആലുവ എക്‌സൈസ് സർക്കിൾ ഓഫീസിൽ നിന്ന് എറണാകുളം എക്‌സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച സിവിൽ എക്സൈസ് ഓഫീസർ ആലുവ തായിക്കാട്ടുകര മേക്കിലകാട്ടിൽ എസ്. സിദ്ധാർത്ഥ് (36) എന്നിവർക്ക് ക്രിമിനൽ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു.
സലീം സർവീസിൽ നിന്ന് വളന്ററി റിട്ടയർമെന്റ് എടുക്കാൻ കഴിഞ്ഞ മാസം അപേക്ഷ നൽകി ലീവിലാണ്. സിദ്ധാർത്ഥ് സ്പെഷ്യൽ സ്ക്വാഡിലേക്ക് മാറ്റം ലഭിച്ച് ജോയിനിംഗ് ടൈം ലീവിലുമാണ്. രണ്ടു പേരും ലീവിലിരിക്കെ കരുതിക്കൂട്ടി നടത്തിയ റെയ്ഡ് നീക്കമാണ് പാളിയത്.
വാഴക്കുളത്തെ അന്യ സംസ്ഥാന ക്യാമ്പിൽ നിന്ന് കവർച്ച ചെയ്ത രണ്ട് ഫോണുകൾ എക്സൈസുകാരുടെ കൈയിലുണ്ടെന്ന് സംഘാംഗം മണികണ്ഠൻ മൊഴി നൽകി. രണ്ടു ഫോണും 5000 രൂപയും മാത്രമാണ് കൂട്ടുപ്രതികൾക്ക് ലഭിച്ചത്. തട്ടിയെടുത്ത 56000 രൂപയിൽ ബാക്കി തുകയും രണ്ട് ഫോണും കണ്ടെത്താനുണ്ട്. ഇത് കണ്ടെടുക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. എക്സൈസ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയ ഒരു കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിടിച്ചെടുത്ത ലഹരി വിറ്റു കാശാക്കി!
പിടിയിലായ എക്‌സൈസുകാർ മൂന്നു വർഷത്തിലധികമായി ക്രിമിനൽ - കൊലപാതക കേസുകളിലെ പ്രതികളുമായി നിരന്തര ബന്ധം പുലർത്തിയിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. നേരത്തെ നടത്തിയ അനധികൃത റെയ്ഡുകളുടെ വിവരം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ ഇവർ സംഘം ചേർന്ന് നടത്തിയ റെയ്ഡിൽ കണ്ടെടുത്ത കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കു മരുന്ന് അളവു കുറച്ചു കാട്ടിയ ശേഷം ബാക്കി വിറ്റഴിക്കാൻ ക്രിമിനൽ സംഘത്തെ ആശ്രയിച്ചിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരം. അതിനിടെ തടിയിട്ടപറമ്പ് പൊലീസിന് അഭിവാദ്യമർപ്പിച്ച് സോഷ്യൽ മീഡിയയിൽ വൻ ക്യാമ്പയിനും തുടങ്ങി. ഇൻസ്പെക്ടർ പി.ജെ. കുര്യോക്കോസ്, എസ്.ഐ വേണുഗോപാൽ, എ.എസ്.ഐമാരായ കെ.എ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |