വൈപ്പിൻ: ബോട്ടുകൾക്ക് ട്രോളിംഗ് നിരോധനം തുടങ്ങുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സാധാരണ മത്സ്യബന്ധനത്തിനുള്ള സുവർണ്ണാവസരമാണ്. ധാരാളം ചരക്ക് ലഭിക്കുകയും ആഭ്യന്തര വിപണിയിൽ നല്ല വില കിട്ടുകയും ചെയ്യും. എന്നാൽ, ഇത്തവണ കാര്യങ്ങൾ മറിച്ചാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇൻബോർഡ് വള്ളങ്ങൾ, മൂടിവെട്ടി വള്ളങ്ങൾ തുടങ്ങിയ പരമ്പരാഗത യാനങ്ങളിലെ തൊഴിലാളികൾക്ക് ആർക്കുംതന്നെ കടലിലേക്ക് പോകാനായിട്ടില്ല.
രൂക്ഷമായ കാലാവസ്ഥയാണ് ഇവർക്ക് തടസമായത്. കാലാവസ്ഥ പരിഗണിച്ച് കടലിലേക്ക് ഇറങ്ങരുതെന്ന ഫിഷറീസ് വകുപ്പിന്റെ ഉത്തരവുകളും കൂടെക്കൂടെ ഉണ്ടാകുന്നുണ്ട്. ട്രോളിംഗ് നിരോധനത്തിനു പുറമേ പരമ്പരാഗത വള്ളക്കാരും കടലിലേക്ക് പോകാതായതോടെ ആഭ്യന്തര മാർക്കറ്റിൽ മീൻവില കുതിച്ചുയരുകയാണ്. ഒരാഴ്ച മുമ്പുവരെ 200 രൂപ വിലയുണ്ടായിരുന്ന ചാളയ്ക്ക് ഇന്നലെ 400 രൂപയായി ഉയർന്നു. മറ്റ് മീനുകളുടെയും വില സമാനമായി വർദ്ധിച്ചിട്ടുണ്ട്.
അന്യസംസ്ഥാന വള്ളങ്ങളും നിയമലംഘനവും
പ്രജനനകാലം പരിഗണിച്ചാണ് സർക്കാർ 52 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നത്. എന്നാൽ, നിയമത്തിന്റെ കണ്ണ് വെട്ടിച്ച് തമിഴ്‌നാട് ഫൈബർ വള്ളങ്ങൾ ആഴക്കടലിൽ മത്സ്യബന്ധനം തുടരുകയാണ്. ട്രോളിംഗ് നിരോധനം തുടങ്ങിയ ദിവസം മുതൽ അന്യസംസ്ഥാന വള്ളങ്ങൾ സംസ്ഥാനം വിട്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് ഉത്തരവിറക്കിയിട്ടും കുളച്ചൽക്കാരുടെ ഫൈബർ വള്ളങ്ങൾ ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നുണ്ട്. ഈ വള്ളങ്ങൾ കൊച്ചിയിലോ വൈപ്പിനിലോ മുനമ്പത്തോ ഉള്ള ഹാർബറുകളിൽ അടുപ്പിച്ചാൽ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുമെന്നുള്ളതിനാൽ, ഹാർബറുകളിൽ അടുക്കാതെ മറ്റ് ചില കേന്ദ്രങ്ങളിലാണ് ഇവർ വള്ളങ്ങൾ അടുപ്പിച്ച് മീൻ കച്ചവടം നടത്തുന്നത്.
സംസ്ഥാനത്തെ ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാതെ കരക്കിരിക്കുമ്പോൾ, സർക്കാർ ഉത്തരവുകൾ ലംഘിച്ച് കടലിൽ പോകുന്ന തമിഴ്‌നാട് ഫൈബർ വള്ളങ്ങളെ ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കണം
പി. വി. ജയൻ
ജില്ലാ സെക്രട്ടറി
കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |