വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയിൽ 50 വർഷമായി തുടരുന്ന കുഴിവെട്ടു ജോലിക്ക് അവധി കൊടുത്ത് ബേബി പുഷ്കിൻ വിമാനത്തിൽ കയറി. അഞ്ചു നാൾ ഇനി ദുബായ്, ഷാർജ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിൽ കറക്കം. മോംസ് അറ്റ് വേവ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 'അമ്മയോടൊപ്പം" എന്ന പരിപാടിയുടെ ഭാഗമായാണ് ബേബിക്ക് ഗൾഫിൽ പോകാൻ ഭാഗ്യം ലഭിച്ചത്. വീടും പള്ളിയും സെമിത്തേരിയും വിട്ടുമാറിയിട്ടില്ലാത്ത ബേബി വലിയ സന്തോഷത്തോടെയാണ് യാത്ര പുറപ്പെട്ടത്. ചെലവുകളെല്ലാം മോംസ് അറ്റ് വേവ് എന്ന സംഘടനയും ദുബായിലെ സംഘടനകളും വഹിക്കും.
പള്ളിപ്പുറം അയക്കോട്ട റെസിഡന്റ്സ് അസോസിയേഷനാണ് യാത്രയ്ക്ക് വേദിയൊരുക്കിയത് . പ്രസിഡന്റ് സേവി താണിപ്പിള്ളി, ജന. സെക്രട്ടറി അലക്‌സ് താളുപ്പാടത്ത്, വൈസ് പ്രസിഡന്റ് പ്രഷീല ബാബു, കമ്മറ്റിയംഗം ഹാപ്‌സൺ ജോസഫ്, ജെയ്‌സൺ മാനുവൽ എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഊഷ്‌മളമായ യാത്ര അയപ്പ് നൽകി. ഇവരോടെൊപ്പം സിനിമ, ചവിട്ടു നാടക നടി മോളി കണ്ണമാലിയടക്കം വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കപ്പെട്ട 7 പേർ കൂടിയുണ്ട്. ഈ മാസം 30 ന് സംഘം പര്യടനം പൂർത്തിയാക്കി മടങ്ങിയെത്തും.
പരിഗണന പ്രചോദനം
പള്ളിപ്പുറം പാത്രക്കടവിൽ ബേബി മറിയം പുഷ്‌കിൻ അമ്മ മറിയയുടെ ഗർഭപാത്രത്തിലിരിക്കെ പിതാവ് മരിച്ചു. പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനായ അമ്മാവൻ ഔസേപ്പുട്ടിയുടെ സഹായിയായാണ് മറിയം മകളെ വളർത്തിയത്. 17-ാം വയസിൽ ഒറ്റയ്ക്ക് കുഴിവെട്ട് ജോലി ഏറ്റെടുത്തു. അന്ന് മുതൽ ഈ ജോലി തുടരുകയാണ്. എംബാം ചെയ്ത മൃതദേഹം അടക്കിയ കല്ലറയിലെ രണ്ട് വർഷമായിട്ടും അഴുകാത്ത ജഡം കണ്ട് അലറിവിളിച്ച് ഓടിയതാണ് ജോലിയിലെ മറക്കാനാവാത്ത അനുഭവം. മരിച്ചവരെ ഇപ്പോൾ ബേബി ഭയപ്പെടാറില്ല.
ആദ്യ കാലങ്ങളിൽ നാട്ടുകാരുടെ വെറുപ്പും അധിക്ഷേപവുമൊക്കെ സഹിക്കേണ്ടി വന്നു. കാലം മാറിയപ്പോൾ അത് സ്‌നേഹവും ബഹുമാനവുമൊക്കെയായി. വയസ് കാലത്ത് ഈ ജോലി തുടരാൻ പ്രചോദനവും ഈ പരിഗണന തന്നെയാണ്.
ഭർത്താവ് പുഷ്‌കിൻ 12 വർഷം മുൻപ് മരിച്ചു. മക്കളില്ല. പള്ളിപ്പുറം കോൺവെന്റിന് സമീപം പള്ളി നൽകിയ 2 സെന്റ് സ്ഥലത്തോടൊപ്പം അര സെന്റ് സ്വന്തമായി വാങ്ങി വീട് വച്ച് സഹോദരിയുടെ മകനോടൊപ്പം താമസിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |