വൈപ്പിൻ: എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം വില്ലേജുകളിലെ പൊക്കാളി പാടശേഖരങ്ങളിൽ ചെമ്മീൻ കൃഷി മാത്രമാക്കി മാറ്റാൻനീക്കം നടത്തുന്നതായി ആരോപണം. 'ഒരു മീനും ഒരു നെല്ലും' പദ്ധതിയുടെ ഭാഗമായി പൊക്കാളി കഷി ആരംഭിക്കേണ്ട സമയമായിട്ടും ജൂൺ അവസാനമായിട്ടും പാടങ്ങൾ വിട്ടു നൽകാൻ ഒരു വിഭാഗം ചെമ്മീൻകെട്ട് ലോബികൾ തയ്യാറായിട്ടില്ല. ഒപ്പം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിലം കൃഷിക്ക് യോഗ്യമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
ഇതിനായി ചെമ്മീൻകെട്ടുടമകളിൽ ചിലർ ഫോർട്ട്‌കൊച്ചി ആർ.ഡി.ഒയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ആർ.ഡി.ഒയുടെ മേൽനോട്ടത്തിൽ പാടങ്ങളിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. പാടങ്ങളിലെ തൂമ്പും തോടും പോലുള്ള ഭാഗങ്ങൾ മാത്രം ആഴം അളന്ന് പൊക്കാളി കൃഷിക്ക് അനുയോജ്യമല്ലെന്ന് വരുത്താനാണ് ഇവരുടെ നീക്കം.
ചിറ ബലപ്പെടുത്താനെന്ന പേരിൽ യന്ത്രങ്ങൾ ഉപയോഗിച്ച് ആഴം വർദ്ധിപ്പിക്കാനുള്ള നീക്കമുണ്ടെന്നും ഇതുവഴി ആർ.ഡി.ഒയെ തെറ്റിദ്ധരിപ്പിച്ച് ചെമ്മീൻ കൃഷിക്കുള്ള അനുമതി തേടാനാണ് ലക്ഷ്യമെന്നും അഖിലേന്ത്യ കിസാൻ സഭ വൈപ്പിൻ മണ്ഡലം കമ്മിറ്റി ആരോപിക്കുന്നു.
അപകടങ്ങളും പതിവാകുന്നു
ഫ്‌ളോട്ടിംഗ് ജെ.സി.ബി ഉപയോഗിച്ച് പണി നടത്തിയ പാടഭാഗങ്ങളിൽ പൊക്കാളി കൃഷി നടത്താൻ കഴിയാത്ത വിധമാക്കി മാറ്റിയെടുക്കുകയാണ്.
അതിനാൽ നിലയില്ലാക്കടലായി മാറിയ പല പാടശേഖരങ്ങളിലും അപകടങ്ങൾ സംഭവിക്കുന്നുണ്ട്. നായരമ്പലം അമ്പലത്തോടിന് ചേർന്ന പാടത്ത് കഴിഞ്ഞ വർഷം ഒരു യുവാവ് മുങ്ങി മരിച്ചിരുന്നു.
കെട്ട് ഉടമകളുടെ പരാതിയിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പ്രദേശത്തെ കർഷക, കർഷകത്തൊഴിലാളി സംഘടനകളുടെ അഭിപ്രായങ്ങൾ കൂടി കേൾക്കണം
വി.സി. വിനുകുമാർ
മണ്ഡലം പ്രസിഡന്റ്
കിസാൻ സഭ വൈപ്പിൻ
'ഒരു മീനും ഒരു നെല്ലും' പദ്ധതി
പൊക്കാളി പാടശേഖരങ്ങളിൽ നിലവിലുള്ള സർക്കാർ നയം ആറ് മാസം പൊക്കാളി നെൽക്കൃഷിയും ആറ് മാസം ചെമ്മീൻ കൃഷിയും എന്നതാണ് 'ഒരു മീനും ഒരു നെല്ലും' പദ്ധതി. സർക്കാർ നിയമം അനുസരിച്ച് ഏപ്രിൽ 15 വരെയാണ് ചെമ്മീൻ കൃഷി നടത്താൻ അനുമതി. ഇതിനുശേഷം പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച് നിലം ഉണക്കി പൊക്കാളിക്കായി പരുവപ്പെടുത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. പൊക്കാളി കൃഷി നിലനിറുത്തുന്നതിനായി സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപ പാടശേഖരങ്ങളുടെ ഉടമകൾക്ക് കൃഷിവകുപ്പ് മുഖേന ഗ്രാൻഡായി നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |