കൊച്ചി: ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച് കോടികൾ തട്ടിയ യു.കെ റീഗൽ അക്കാഡമിയുടെ ജോലി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പിന്റെ വ്യാപ്തി കൂടിയ സാഹചര്യത്തിലാണ് നടപടി. യൂറോപ്പിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് കേരളത്തിലെമ്പാടും നിരവധിപ്പേരെയാണ് സ്ഥാപനം തട്ടിപ്പിനിരയാക്കിയത്. സ്ഥാപനം നടത്തിയ മലയാളി ജോസഫ് ഒളിവിലാണെന്നാണ് വിവരം.
ജോലി തേടി യുകെയിലേക്ക് ആളുകളുടെ ഒഴുക്ക് ശക്തമായ 2022-23 കാലയളവിലാണ് റിഗൽ അക്കാഡമിയുമായി ജോസഫ് രംഗത്തുവരുന്നത്. വൃദ്ധസദനത്തിലെ സഹായിയടക്കം ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്ന ജോലികൾ വാഗ്ദാനം ചെയ്ത്, സാമൂഹിക മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയാണ് ഇയാൾ ആളുകളെ കബളിപ്പിച്ചത്. ഒരാളിൽനിന്ന് 15 മുതൽ 18 ലക്ഷം രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. കൊച്ചിയിലടക്കം നിരവധിപ്പേർ ഈ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ട്.
വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് അധികവും. മംഗലാപുരം സ്വദേശികൾ വരെ കെണിയിൽ വീണു. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത 27 കേസുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പ്രാഥമിക അന്വേഷണം ആരംഭിച്ചതായും പരാതിക്കാരെ നേരിൽക്കണ്ട് മൊഴിയെടുക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതിയെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്, കാരണം ഇയാൾ ജോസഫ്, സൂരജ് എന്നീ പേരുകളിലാണ് കഴിഞ്ഞിരുന്നത്. പലതവണയായി പണം വാങ്ങിയശേഷം വിസ നൽകാതെ കബളിപ്പിക്കുകയാണ് ഇയാളുടെ പതിവ് രീതി.
വ്യാജന്മാരുണ്ട് സൂക്ഷിക്കുക
2023ൽ 20ൽ അധികം വ്യാജ വിദേശ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളെ പൂട്ടിച്ചതൊഴിച്ചാൽ ഇത്തരം കടുത്ത നടപടികളൊന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ടേക്ക് ഒഫ് ഓവർസീസ് എന്ന സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്തതാണ് മേഖലയിലെ എടുത്തുപറയേണ്ട ഒരേയൊരു സംഭവം. കൂണുപോലെ മുളച്ചുപൊങ്ങിയ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നത് ലൈസൻസോ രേഖകളോ ഇല്ലാതെയാണ്. യൂറോപ്പിൽ ജോലി സാദ്ധ്യത വർദ്ധിച്ചതോടെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പുകാർ അനധികൃത ഏജൻസികൾ ആരംഭിച്ച് പണം കൈക്കലാക്കാൻ തുടങ്ങിയത്.
ലൈസൻസ് പ്രദർശിപ്പിക്കണം
റിക്രൂട്ടിംഗ് ഏജൻസികളുടെ ഓഫീസിൽ ആളുകൾക്ക് കാണുന്ന വിധത്തിൽ ലൈസൻസ് പ്രദർശിപ്പിച്ചിരിക്കണം. ബ്രാഞ്ച് ഓഫീസാണെങ്കിൽ അക്കാര്യവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടാൽ ലൈസൻസും മറ്റ് രേഖകളും കാണിക്കാൻ ഏജൻസികൾക്ക് ബാധ്യതയുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകളടക്കം നിരത്തി വിശ്വാസ്യത പിടിച്ചുപറ്റുന്നവരും ഇത്തരം തട്ടിപ്പ് സംഘങ്ങളിലുണ്ട്.
15 മുതൽ 18 ലക്ഷം രൂപ വരെ ഈടാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |