കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം പവലിയനിലുള്ള കടമുറികളുടെ വാടകക്കുടിശിക സംബന്ധിച്ച് വ്യക്തമായ നിലപാടില്ലാതെ അധികൃതർ. രണ്ടു മുറികളുടേത് ഒഴികെ മറ്റുള്ളവയ്ക്ക് വാടക ലഭിക്കുന്നുണ്ടെന്ന് അധികൃതരിൽ ചിലർ പറയുമ്പോഴും ഏറ്റവും പുതിയ കണക്ക് പ്രകാരം കുടിശിക രണ്ടര കോടിയിലേറെയായി. 2024 മേയ് വരെ 2.45 കോടിയിലേറെ (2,47,25,553)യാണ് കുടിശിക. 14ൽ 13 കടമുറികളാണ് വാടകയ്ക്ക് കൊടുത്തിട്ടുള്ളത്. ബാക്കിയുള്ള ഒരെണ്ണം വാടകയ്ക്ക് കൊടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 13ൽ ആറ് കടമുറികളുടെയും വാടക കുടിശിക 20 ലക്ഷത്തിനു മുകളിലാണ്.
എ ടു ഇസെഡ് എന്ന സ്ഥാപനത്തിന്റെ പക്കലുള്ള മൂന്ന് കടമുറികളിൽ രണ്ടെണ്ണത്തിലും 28,41,123ലേറെയാണ് കുടിശിക. ഒരെണ്ണത്തിൽ 22,30,682ഉം.
രണ്ടു കടമുറികൾ വാടകയ്ക്ക് എടുത്തിള്ള മോഡേൺ ഗ്രാഫിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു കടമുറിക്ക് അടയ്ക്കാനുള്ള 10,15,562 രൂപയാണ് ഏറ്റവും കുറവ് കുടിശിക. എന്നാൽ ഇവരുടെ മറ്റൊരു കടമുറിക്ക് 20,20,636 ആണ് അടയ്ക്കാനുള്ളത്.
കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കും താത്കാലിക ജീവനക്കാരുടെ വേതനത്തിനുമായാണ് ഈ കടമുറികളിൽ നിന്നുള്ള വാടക ഉപയോഗിക്കുന്നത്. ഹൈക്കോടതി വിധിപ്രകാരം വാടക കുടിശിക തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിച്ചെന്ന് കോളേജ് അധികാരികൾ വിശദീകരിക്കുമ്പോഴാണ് ഇത്രയും കുടിശികയുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നത്.
രണ്ടര പതിറ്രാണ്ടിനിടെ വാടക പുതുക്കിയത് രണ്ട് തവണ മാത്രം
പ്രിൻസിപ്പലിന്റെ പേരിലുള്ള ജനറൽ പി.ഡി. അക്കൗണ്ടിലേക്കാണ് കടമുറികളുടെ വാടക അടയ്ക്കേണ്ടത്. ഈ ഇനത്തിൽ എത്ര രൂപ നീക്കിയിരിപ്പുണ്ടെന്ന് കൃത്യമായ കണക്കുകളില്ല. വാടക കുടിശികയ്ക്ക് കേസുണ്ടെങ്കിലും ഇതെങ്ങനെ ഈടാക്കുമെന്നതിന് കോളേജ് അധികൃതർക്ക് യാതൊരു ധാരണയുമില്ല. പ്രിൻസിപ്പൽ പ്രതികരിക്കാൻ തയ്യാറുമല്ല. സമീപത്ത് ചതുരശ്രയടിക്ക് 100 മുതൽ 300 വരെ വാടകയുള്ളപ്പോൾ, സ്റ്റേഡിയത്തിലെ കടമുറികൾക്ക് 32.22 രൂപയേയുള്ളൂ. 2000നു ശേഷം രണ്ടു തവണ മാത്രമാണ് വാടക പുതുക്കിയത്. 2017ലും 2021ലും.
മറ്റ് കടകളുടെ വാടക കുടിശിക
(കടകൾ, കുടിശിക എന്ന കണക്കിൽ)
ചെയർമെൻ----18,09216
മഹൽ മാർക്കറ്റിംഗ്----17,87,460
എസ്.ജി ട്രേഡേഴ്‌സ് ആൻഡ് ഏജൻസീസ്----17,83,988
സൺറൈസ് കോർപ്പറേഷൻ---- 25,07,460
മഹൽ സെറാമിക്‌സ്----17,52,518
ജോസ് ഇലക്ട്രിക്കൽസ്---- 19,24,668
ട്രോപ്പിക്കൽ ട്രേഡേഴ്‌സ്----22,11,123
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |