കൊച്ചി: സ്‌കൂളുകളിൽ 2025-26 വർഷത്തെ സംസ്‌കൃത ഭാഷാ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 60 ലക്ഷം രൂപ അനുവദിച്ചു. 2024-25 വർഷത്തെ സംസ്‌കൃതം സ്‌കോളർഷിപ്പ് പരീക്ഷയിൽ വിജയികളായ എൽ.പി വിഭാഗം കുട്ടികൾക്കുള്ള 6,04,000 രൂപയും യു.പി കുട്ടികൾക്കുള്ള 29,16,000 രൂപയും ഉൾപ്പെടെയാണ് ഈ ഫണ്ട്.
ഈ വർഷത്തെ പ്രവർത്തനങ്ങൾക്കും സ്‌കോളർഷിപ്പിനും മാത്രമായുള്ള തുക 24,80,000 രൂപയാണ്. ഇതിൽ ഈ വർഷത്തെ സ്‌കോളർഷിപ്പ് വിജയികൾക്കുള്ള തുകയും ഉൾപ്പെടും.
എൽ.പി, യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായാണ് സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷ. എൽ.പി വിഭാഗത്തിൽ ഉപജില്ലയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് 100 രൂപ വീതവും യു.പി വിഭാഗത്തിൽ 400 രൂപ വീതവുമാണ് നൽകുന്നത്. 163 ഉപജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഒരു കുട്ടിക്ക് 800 രൂപ വീതം നേരത്തേ നൽകിയിരുന്നു.
വെല്ലുവിളി സ്‌കോളർഷിപ്പ് പരീക്ഷ
സംസ്‌കൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി തുക അനുവദിച്ചെങ്കിലും വെല്ലുവിളി തീരുന്നില്ല. ഇത്തവണത്തെ സംസ്‌കൃത സ്‌കോളർഷിപ്പ് പരീക്ഷയുടെ തീയതി പ്രഖ്യാപിക്കൽ മുതലുള്ള കടമ്പകൾ ഇനിയുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ നടക്കേണ്ട പരീക്ഷ ഫെബ്രുവരി മൂന്നാമത്തെ ആഴ്ചയിലാണ് നടന്നത്. മാർച്ച് പിന്നിട്ടാൽ സ്‌കോളർഷിപ്പ് തുക ലാപ്‌സാകും. ഏപ്രിൽ - ജൂണോടെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് ചോദ്യപേപ്പർ തയ്യാറാക്കൽ ഉൾപ്പെടെ മുൻകൂട്ടി നടത്തിയാൽ മാത്രമേ ഡിസംബറിൽ സുഗമമായി പരീക്ഷ നടക്കൂ. ചില വർഷങ്ങളിൽ സ്‌കോളർഷിപ്പ് പരീക്ഷ നടക്കാതെ ലക്ഷങ്ങൾ ലാപ്‌സായിട്ടുണ്ട്. കഴിഞ്ഞ തവണയും നടപടികൾ വൈകിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനു ശേഷമാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |