കൊച്ചി: അറിയപ്പെടുന്ന തിരക്കഥാകൃത്താകണമെന്ന ആഗ്രഹം കൈവിട്ടാണ് ചെങ്ങന്നൂർ സ്വദേശി ശ്രീജിത്ത് ശ്രീകുമാർ ഉപരിപഠനവും ജോലിയുംതേടി അയർലൻഡിലേക്ക് പറന്നത്. എന്നാൽ ഈ 29കാരന് ലോകസിനിമയിലേക്കുള്ള വാതിൽ തുറന്നുനൽകി അവിടുത്തെ ബെൽഫാസ്റ്റ് പട്ടണം. 'അഡോപ്ഷൻ" എന്ന ശ്രീജിത്തിന്റെ കഥ ബെൽഫാസ്റ്റ് ഫിലിം ക്ലബിലെ അംഗങ്ങൾ ചേർന്ന് ഹ്രസ്വചിത്രമാക്കി.
'അഡോപ്ഷൻ" ലോകശ്രദ്ധനേടുകയാണിപ്പോൾ. ഇന്ത്യക്കാരനായ റോണക് കപൂർ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമിലെ അഭിനേതാക്കളെല്ലാം ഐറിഷ് വംശജരാണ്. അടൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗിന് പഠിക്കുമ്പോൾ ശിവരാത്രി, ബന്ധനം എന്ന രണ്ട് കഥകൾ എഴുതിയെങ്കിലും സംവിധായകനെയോ നടന്മാരെയോ കേൾപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ ശ്രീജിത്തിന് കഴിഞ്ഞില്ല. ശിവരാത്രി പിന്നീട് ഷോർട്ട്ഫിലിമാക്കിയെങ്കിലും മുന്നോട്ടുപോക്ക് പ്രതിസന്ധിയായി.
സിനിമാമോഹത്തിന് അത്ര പിന്തുണ വീട്ടിൽനിന്ന് ലഭിക്കാതെവന്നതോടെ സഹോദരൻ ശ്രീഹരിയുടെ പാത പിന്തുടർന്നാണ് അയർലൻഡിലേക്ക് പറന്നത്.
സിനിമാപ്രേമികളുടെ കൂട്ടായ്മകൾ അയർലാൻഡിൽ ഒരുപാടുണ്ടെന്ന് അറിഞ്ഞപ്പോൾ മനസിൽ വീണ്ടും മോഹം മുളപൊട്ടി. ഡെൽഫാറ്റി ഫിലിംക്ലബിൽ അംഗത്വമെടുത്തു. ജൂനിയർ ആർട്ടിസ്റ്റായി ക്ലബിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായി. കഥപറഞ്ഞപ്പോൾ ഷോർട്ട്ഫിലിം നിർമ്മിക്കാൻ എല്ലാവരും ഒപ്പംനിന്നു.
ശ്രീവിഹാറിൽ ആർ. ശ്രീകുമാർ, അജിതകുമാരി എന്നിവരാണ് ശ്രീജിത്തിന്റെ മാതാപിതാക്കൾ.
ചിത്രീകരണം
6 ദിവസം കൊണ്ട്
ഒരു മാസംകൊണ്ട് കഥ പൂർത്തിയാക്കി. ചിത്രീകരണത്തിന് വേണ്ടിവന്നത് ആറുദിവസം മാത്രം. കൂട്ടായ്മയിലെ അംഗങ്ങളും അവരുടെ മക്കളും അഭിനേതാക്കളായപ്പോൾ ചെലവായത് ക്യാമറയുടെ വാടകമാത്രം. ലണ്ടൻ ഗ്ലോബൽ, ലണ്ടൻ ലിഫ്‌റ്റോഫ്, ബ്രിട്ടീഷ് ഇന്റർനാഷണൽ, നാസു ഫിലിം ഫെസ്റ്റിവലുകളിൽ എൻട്രിയായ അഡോപ്ഷന് മൂന്ന് പുരസ്‌കാരങ്ങളും ലഭിച്ചു.
മാതൃത്വം നേടിയെടുക്കാനുള്ള അമ്മയുടെ തോറ്റുപോയ പോരാട്ടത്തിന്റെ കഥയാണ് അഡോപ്ഷൻ. നിയമപരമായി ദത്തെടുക്കേണ്ടതിന്റെ പ്രാധാന്യം ചിത്രം പറഞ്ഞുവയ്ക്കുന്നു. അഡോപ്ഷന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇത് മലയാള സിനിമയിലേക്കും അവസരമൊരുക്കി. ഒരു കഥ വൈകാതെ സിനിമയാകും.
ശ്രീജിത്ത് ശ്രീകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |