കൊച്ചി: തട്ടകം മാറുകയാണ്, ട്രാക്കിൽനിന്ന് മെഡലുകൾ വാരി തട്ട് നിറച്ചവരുടെ മണ്ണിലേക്ക്. എറണാകുളം ജില്ലാ കായികമേളയിലെ ശേഷിക്കുന്ന മത്സരങ്ങൾ ഇന്ന് മുതൽ കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിൽ പുനരാരംഭിക്കും. ത്രോ ഇനങ്ങളും പോൾവാൾട്ടുമാണ് ശേഷിക്കുന്നത്.
മീറ്റിലെ ആദ്യ റെക്കാഡ് പ്രകടനത്തോടെ ഇന്നലെ മഹാരാജാസിലെ ട്രാക്ക് ഒഴിഞ്ഞു. സബ് ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്‌കൂളിലെ എഡിസൺ മനോജ് പുതിയ റെക്കാഡിട്ടു. 2006ൽ കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസിന്റെ അമൽ ജോർജ് 24.84 സെക്കൻഡിൽ കുറിച്ച റെക്കാഡാണ് തകർന്നത്. 24.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത എഡിസൺ സ്പ്രിന്റ് ഡബിളും നേടി.
സാധാരണ മൂന്ന് ദിനങ്ങളിലായി നടക്കാറുള്ള ജില്ലാ മീറ്റ് ഇതാദ്യമായാണ് അഞ്ച് ദിവസം നീളുന്നത്. മഹാരാജാസ് ഗ്രൗണ്ടിൽ ത്രോ ഏരിയ ലഭ്യമാവാത്തതിനാലാണ് ത്രോ, പോൾവോൾട്ട് മത്സരങ്ങൾ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. 35 ഇനങ്ങളിലായാണ് രണ്ട് ദിവസത്തെ മത്സരങ്ങൾ. ഇന്ന് രാവിലെ 8.30ന് ജൂനിയർ-സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടോടെ തുടങ്ങും. ബുധനാഴ്ച ജാവ്‌ലിൻ ത്രോ ഇനങ്ങളിലാണ് പ്രധാനമത്സരം.
മെഡൽ നില: ഉപജില്ലാ വിഭാഗം
72 ഇനങ്ങളിൽ രണ്ട് മത്സരം ഉപേക്ഷിച്ചു. ടീമുകൾ ഇല്ലാത്തിനാൽ സീനിയർ ആൺകുട്ടികളുടെ 4-400 മീറ്ററും സീനിയർ ഗേൾസിന്റെ 4-100 മീറ്റർ മത്സരങ്ങളുമാണ് ഉപേക്ഷിച്ചത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോതമംഗലം ഉപജില്ലയ്ക്കാണ് സർവാദിപത്യം. 30 സ്വർണം, 20 വെള്ളി, 12 വെങ്കലമടക്കം 223 പോയിന്റാണ് കോതമംഗലത്തിന്റെ തട്ടിൽ. അങ്കമാലി പിന്നിലുണ്ടെങ്കിലും കോതമംഗലത്തിന്റെ കിരീട പ്രതീക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നില്ല. 21 സ്വർണം,എട്ട് വെള്ളി, 14 വെങ്കലവുമായി 178 പോയിന്റാണ് അങ്കമാലിക്കുള്ളത്. മൂന്നാം സ്ഥാനത്തേയ്ക്ക് ഓടിക്കയറിയ വൈപ്പിന് മൂന്നാം ദിനം കാലിടറി ഒരുപടി താഴേയ്ക്ക് വീണു. 60 പോയിന്റുമായി പെരുമ്പാവൂർ മൂന്നാം സ്ഥാലത്തേയ്ക്ക് തിരിച്ചെത്തി. ആറ് സ്വർണം,അഞ്ച് വെള്ളി,14 വെങ്കലവുമാണ് സാമ്പാദ്യം.
സ്‌കൂൾ ചാമ്പ്യൻഷിപ്പ്
കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് സ്‌കൂൾചാമ്പ്യൻപട്ടം ഏതാണ്ട് ഉറപ്പിച്ചു. 23 സ്വർണം, 14 വെള്ളി, 11 വെങ്കലമടക്കം 168 പോയിന്റുമായാണ് മാർ ബേസിലിന്റെ കുതിപ്പ്. തൊട്ടുപിന്നിൽ അയൽക്കാരായ കീരമ്പാറ സെന്റ് സ്റ്റീഫൻസ് സ്‌കൂളാണ്. ഏഴ് സ്വർണം, അഞ്ച് വെള്ളിയടക്കം 50 പോയിന്റ്. അങ്കമാലി എസ്.എച്ച്. ഓർഫനേജ് സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. നാല് സ്വർണം, ആറ് വെള്ളി, ഏഴ് വെങ്കലമടക്കം45 പോയിന്റാണ് എസ്.എച്ചിന്റെ സാമ്പാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |