കൊച്ചി: വ്യക്തിഗത ചാമ്പ്യൻപട്ടത്തിൽ ബേസിൽ ബെന്നിക്ക് ട്രിപ്പിൾ മുത്തം. 2023ൽ ജൂനിയർ വിഭാഗത്തിലും കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിലും ചാമ്പ്യനായിരുന്ന മാർ ബേസിൽ എച്ച്. എസ്.എസിന്റെ താരം ഈ വർഷം 400 മീറ്റർ ഹർഡിൽസ്, 1500, 800 മീറ്റർ മത്സരങ്ങളിൽ സ്വർണം നേടിയാണ് ട്രിപ്പിൾ തികച്ചത്. ജൂനിയർ വിഭാഗത്തിൽ കിരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ അദബിയ ഫർഹാൻ വ്യക്തിഗത ചാമ്പ്യൻപട്ടം നിലനിറുത്തി. ജൂനിയർ പെൺകുട്ടികളിൽ 100 മീറ്ററിൽ വേഗതാരമായ അദബിയ ലോംഗ് ജംപ്, ട്രിപ്പിൾ ജംപ് മത്സരങ്ങളിൽ സ്വർണം നേടിയാണ് ചാമ്പ്യനായത്.
സീനിയർവിഭാഗം ആൺകുട്ടികളിൽ കോതമംഗലം മാർ ബേസിലിന്റെ താരമായ മുഹമ്മദ് അലി ജൗഹറും വ്യക്തിഗത ചാമ്പ്യനാണ്. മേളയിലെ വേഗതാരമായ മുഹമ്മദ് അലി ജൗഹർ 100, 200, 400 മീറ്ററുകളിലാണ് പൊന്നണിഞ്ഞത്.
സീനിയർ പെൺകുട്ടികളിൽ അബിന മരിയ ജെയിനും കീർത്തന കലേഷും ചാമ്പ്യന്മാരായി. സെന്റ് സ്‌റ്റീഫൻസ് കീരംപാറയുടെ താരമാണ് അബിന. ഹാമർത്രോ, ഡിസ്‌കസ് ത്രോ, ഷോട്ട്‌പുട്ട് ഇനങ്ങളിൽ പൊന്നണിഞ്ഞു.
മാർബേസിൽ താരമായ കീർത്തന കലേഷ് 3000, 800, 1500 മീറ്ററുകളിലാണ് പൊന്നുനേടിയത്. ജൂനിയർവിഭാഗം ആൺകുട്ടികളിൽ മൂക്കന്നൂർ എച്ച്.എസ്.എസിന്റെ അലൻ ബൈജുവും മാർ ബേസിലിന്റെ ഡാനിയലുമാണ് ചാമ്പ്യൻമാർ. അലൻ 100 മീറ്റർ, ലോംഗ് ജംപ്, 1500 മീറ്റർ എന്നിവയിലും ഡാനിയൽ 800, 400, 200 മീറ്ററുകളിലും ജേതാവായി. ഏഴ് പേർക്കും 15 വീതം പോയിന്റുണ്ട്. സബ്‌ജൂനിയർ ആൺകുട്ടികളിൽ മാർ ബേസിലിന്റെ റോമൽ ജോസഫാണ് വ്യക്തിഗത ചാമ്പ്യൻ. 80 മീറ്റർ ഹർഡിൽസിലും ഹൈജമ്പിലും സ്വർണവും ലോംഗ് ജംപിൽ വെള്ളിയും നേടി 13 പോയിന്റ് സ്വന്തമാക്കി. പെൺകുട്ടികളിൽ നായരമ്പലം ഭഗവതി വിലാസം എച്ച്.എസിലെ കെ.ജെ. അമീഷയും വെസ്‌റ്റ് വെങ്ങോല ശാലേം ഹൈസ്‌കൂളിലെ വൈഗയുമാണ് ചാമ്പ്യന്മാർ. അമീഷ 400, 600 മീറ്ററിൽ പൊന്നണിഞ്ഞു. വൈഗ 100, 200 മീറ്ററിൽ സ്വർണം നേടി. ഇരുവർക്കും പത്ത് വീതമാണ് പോയിന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |