കൊച്ചി: പറവൂർ - വൈറ്റില റൂട്ടിലോടുന്ന സാന്റാ മരിയ ബസിൽ യാത്രികർക്ക് 'കൂൾ" സഞ്ചാരം. ബസ് എ.സിയാക്കിയെങ്കിലും നിരക്ക് പഴയതുതന്നെ. ഉടമയുടെ 'ചൂടൻ" അനുഭവമാണ് നിമിത്തമായത്. കൊങ്ങോർപ്പള്ളി കോരമംഗലത്ത് വീട്ടിൽ ജോളിയാണ് 6.5 ലക്ഷം മുടക്കി ബസ് എയർകണ്ടീഷൻ ചെയ്തത്. ശനിയാഴ്ച എ.സിയായി നിരത്തിലിറങ്ങിയ ബസിൽ തിരക്കാണ്. തന്റെ നാല് ബസുകൾ കൂടി എ.സിയാക്കാനുള്ള ആലോചനയിലാണ് മർച്ചന്റ് നേവിയിൽ ഉന്നത ഉദ്യോഗസ്ഥനായ ജോളി.
വിശ്രമജീവിതം മുന്നിൽ കണ്ട് ആറ് വർഷം മുമ്പാണ് പുത്തൻ ബസ് വാങ്ങി സെന്റ് ജോർജ് ബസ് സർവീസിന് തുടക്കമിട്ടത്. അടുത്ത ബന്ധു വരാപ്പുഴ സ്വദേശി സിബിക്കും റോണിക്കുമാണ് നടത്തിപ്പ് ചുമതല.
ഒരു വർഷം മുമ്പ് അവധിക്ക് വന്നപ്പോൾ ജോളി പറവൂരിൽ നിന്ന് വൈറ്റിലയിലേക്ക് സ്വന്തം ബസിൽ യാത്ര ചെയ്തിരുന്നു. ഇടപ്പള്ളിയിലെ ബ്ലോക്കിൽ കുരുങ്ങിയതോടെ ഉടമയടക്കം യാത്രക്കാരെല്ലാം വിയർത്തുകുളിച്ചു.അന്നു തീരുമാനിച്ചു, ബസ് എ.സിയാക്കണം.
ഇന്ധനച്ചെലവ് ഉയരാതെ എ.സിയാക്കാനുള്ള അന്വേഷണം ഒരുവർഷത്തോളം നീണ്ടു.
കഴിഞ്ഞമാസം ചാലക്കുടിയിലെ എ.സി വർക്ക് ഷോപ്പിലെത്തിയതോടെ പരിഹാരമായി. ബാറ്ററികൾ കൊണ്ടു എ.സി പ്രവർത്തിപ്പിക്കാനുള്ള സംവിധാനമൊരുക്കി. മുന്നോടിയായി
ബസ് പാലക്കാട്ടെ ബോഡി വർക്ക് ഷോപ്പിൽ കൊണ്ടുപോയി വെന്റുകൾ പണിതു.
കൂളാക്കാൻ നാലു ബാറ്ററി
# നാല് ബാറ്ററി കൊണ്ടാണ് എ.സി പ്രവർത്തിപ്പിക്കുന്നത്. എൻജിനിൽ നിന്ന് പ്രത്യേക നോബ് ഘടിപ്പിച്ചിട്ടുള്ളതിനാൽ യാത്രയ്ക്കിടെ ബാറ്ററി ചാർജാകും. നിറുത്തിയിട്ടാലും രണ്ട് മണിക്കൂർ എ.സി പ്രവർത്തിപ്പിക്കാകും.
# ഓർഡിനറി സർവീസ് നടത്തുന്ന കേരളത്തിലെ രണ്ടാമത്തെ എ.സി.സ്വകാര്യ ബസാണിത്. ആദ്യത്തേത് കാസർകോടാണ് സർവീസ് നടത്തുന്നത്. ആ ബസിൽ എ.സി. സംവിധാനം സജ്ജമാക്കിയതും ചാലക്കുടിയിലെ ഇതേ വർക്ക് ഷോപ്പിലാണ്.
``മികച്ച സൗകര്യം ഒരുക്കിയാൽ യാത്രക്കാരുടെ മനസിൽ ബസിന് ഇടംകിട്ടും. മുടക്കിയ തുക തിരിച്ചുപിടിക്കാനാകും``
-സിബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |