കൊച്ചി: പെരിയാർ നദിയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശിച്ച നടപടികളിൽ വീഴ്ച വരുത്തിയ കേന്ദ്ര,സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡിന്റെ ഭൂമി സംസ്ഥാന സർക്കാറിന് കൈമാറുന്ന കാര്യത്തിൽ പുരോഗതിയില്ലാത്ത സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് രൂക്ഷ വിമർശനമുന്നയിച്ചത്.
മാറാരോഗങ്ങൾ പിടിപെട്ട് ജനജീവിതം അപകടത്തിലാകുന്ന സ്ഥിതിയാണെങ്കിലും സർക്കാരുകൾ പരസ്പരം പഴിചാരി തലയൂരാൻ ശ്രമിക്കുകയാണെന്ന് കോടതി ആരോപിച്ചു.
ജനങ്ങളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. തടസങ്ങൾക്ക് മേൽ സർക്കാരുകൾ അടയിരിക്കുകയാണ് . ദുരന്ത മുഖത്ത് നിയമത്തേക്കാൾ പരിഹാരത്തിനാണ് പ്രാധാന്യമെന്നും കോടതി പറഞ്ഞു.
പ്രവർത്തനം അവസാനിപ്പിച്ച എച്ച്.ഐ.എല്ലിന്റെ 75 സെന്റ് സ്ഥലം കൈമാറുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത് തീരുമാനം അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സ്ഥലം കൈമാറുന്നതിൽ നിയമപരമായി തടസമുണ്ടെന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ വിശദീകരണം. തുടർ ചർച്ചകളുണ്ടായില്ലെന്ന് സംസ്ഥാന സർക്കാറും വ്യക്തമാക്കി. പെരിയാർ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പെരിയാർ മലിനീകരണ വിരുദ്ധ സമിതി, അസോസിയേഷൻ ഓഫ് ഗ്രീൻ ആക്ഷൻ ഫോഴ്‌സ് തുടങ്ങിയവരടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി
പെരിയാർ മലിനീകരണം തടയാൻ ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ വിഷയം ചർച്ച ചെയ്ത് തീർപ്പാക്കാൻ ഉത്തരവിട്ടു. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയെയും സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. അടുത്ത വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും. അതിന് ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം തീരുമാനമെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |