കൊച്ചി: കെട്ടിട ഉടമസ്ഥാവകാശം മാറ്റാൻ അഭിഭാഷകനോട് കോഴ വാങ്ങുന്നതിനിടെ കൊച്ചി കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ വിജിലൻസ് കൈയോടെ പിടികൂടി. കോർപ്പറേഷൻ ഇടപ്പള്ളി സോണൽ ഓഫീസിലെ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലച്ചൻ, റവന്യൂ ഇൻസ്പെക്ടർ തിരുവനന്തപുരം വലിയതുറ സ്വദേശി മണികണ്ഠൻ എന്നിവരെയാണ് എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കോഴപ്പണവുമായി അറസ്റ്റുചെയ്തത്.
അഭിഭാഷകന്റെ കക്ഷിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഇടപ്പള്ളി സോണൽ പരിധിയിൽപ്പെട്ട കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റിനൽകാൻ മേയിലാണ് ഓൺലൈനായി അപേക്ഷ നൽകിയത്. സ്ത്രീ ചുമതലപ്പെടുത്തിയത് പ്രകാരം അഭിഭാഷകനാണ് അപേക്ഷ കൈകാര്യംചെയ്യുന്നത്.
റൈറ്റ് ടു സർവീസ് ആക്റ്റ് പ്രകാരം സമയബന്ധിതമായി തീരുമാനം ഉണ്ടാകാത്തതിനാൽ പലതവണ സോണൽ ഓഫീസിലെത്തി തിരക്കിയെങ്കിലും സൂപ്രണ്ടും റവന്യൂ ഇൻസ്പെക്ടറും പല കാരണങ്ങൾ നിരത്തി വൈകിപ്പിച്ചു. തിങ്കളാഴ്ച അഭിഭാഷകൻ വീണ്ടുമെത്തിയപ്പോൾ ലാലച്ചൻ 5000 രൂപയും മണികണ്ഠൻ 2000 രൂപയും ആവശ്യപ്പെട്ടു. ഇടപ്പള്ളി സോണൽ ഓഫീസിൽ പണവുമായി നേരിട്ടെത്താനും നിർദ്ദേശിച്ചു.
ഇതോടെ അഭിഭാഷകൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് കൈമാറിയ ഏഴായിരം രൂപയുമായി ഉച്ചയ്ക്ക്12ന് സോണൽ ഓഫീസിലെത്തിയ അഭിഭാഷകനിൽനിന്ന് കോഴകൈപ്പറ്റുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി ടി.എം. വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ഇരുവർക്കുമെതിരെ നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. മൂന്ന് മാസത്തിനിടെ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കോഴപ്പണവുമായി വിജിലൻസ് പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |