കൊച്ചി: മഴഭീഷണിയിലും പൂജാ, ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. കൊച്ചിയിലും മൂന്നാറിലും ആലപ്പുഴയിലും മുറികൾ ഒഴിവില്ലാത്ത തിരക്കിലായി. ഉത്തരേന്ത്യക്കാർ അവധിക്കായി ഏറ്റവുമധികം എത്തുന്ന സീസൺ ടൂറിസം, ട്രാവൽ മേഖലയ്‌ക്ക് ഉണർവായി.
പൂജ, ദീപാവലി കാലത്ത് സഞ്ചാരികളുടെ പ്രവാഹം പതിവാണ്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് സ്വദേശികളും ഇക്കുറി ധാരാളമെത്തിയെന്ന് ടൂറിസം, ട്രാവൽ അധികൃതർ പറഞ്ഞു. മുന്തിയ വരുമാനക്കാർ മുതൽ സാധാരണക്കാർ വരെ ധാരാളമെത്തി. ഹിൽ സ്റ്റേഷനുകളും വനമേഖലയും കായലുകളുമായിരുന്നു സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രങ്ങൾ.
കൊച്ചി, മൂന്നാർ, തേക്കടി, ഗവി, കുമരകം, ആലുപ്പുഴ, ആതിരപ്പള്ളി എന്നിവിടങ്ങളാണ് കൂടുതൽപ്പേരും അവധി ആഘോഷിച്ചത്. ടാക്‌സികൾക്കും മറ്റു വാഹനങ്ങൾക്കും മികച്ച വരുമാനം ലഭിച്ചെന്ന് ട്രാവൽ മേഖലയിലെ സംഘടനകൾ പറഞ്ഞു.
മൂന്നാർ, തേക്കടി, വാഗമൺ പ്രിയം
കൊച്ചിയിൽ വിമാനമിറങ്ങി നേരെ മൂന്നാറിന് പോകുന്നവർ വർദ്ധിച്ചു. ഇത്തരം പാക്കേജുകളാണ് വടക്കേയിന്ത്യൻ സംഘങ്ങൾ സ്വീകരിച്ചത്. നെടുമ്പാശേരിയിൽ നിന്ന് നേരെ മൂന്നാറിനാണ് കൂടുതൽ പേർ പോയത്. മൂന്നാറിൽ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കും. തേക്കടിയിലേക്കാണ് അടുത്ത യാത്ര. അവിടെനിന്ന് വാഗമൺ, ഗവി, കുമരകം, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച് കൊച്ചിയിൽ തിരിച്ചെത്തുന്ന രീതിക്കാണ് കൂടുതൽ സ്വീകാര്യത.
നാലു മുതൽ ഏഴു വരെ ദിവസത്തെ പാക്കേജ് പ്രകാരമാണ് ഇവരുടെ സഞ്ചാരം. 10 മുതൽ 12 ദിവസം വരെ പാക്കേജുള്ളവർ വർക്കല, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളും സന്ദർശിച്ചാണ് മടങ്ങുന്നത്.
ബോട്ട് യാത്രക്കും തിരക്ക്
ഫോർട്ടുകൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടെ പൈതൃകമേഖലയിലും ധാരാളം സഞ്ചാരികളെത്തി. കായൽയാത്ര ധാരാളം പേർ ആസ്വദിച്ചു. വൈകിട്ട് കായൽ സഞ്ചാരം നടത്താൻ പതിവിലേറെ തിരക്കുണ്ടായിരുന്നെന്ന് ടൂറിസം ബോട്ട് സംരംഭകർ പറഞ്ഞു. വാട്ടർ മെട്രോയിൽ സഞ്ചരിക്കാനും ധാരാളംപേർ താല്പര്യം പ്രകടിപ്പിച്ചു.
ദീപാവലിക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കുണ്ടായി. പ്രധാന കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു.
പി.എസ്. ഗിരീഷ്,
ഇൻഫർമേഷൻ ഓഫീസർ.ർ,
ടൂറിസം
വടക്കേയിന്ത്യൻ യാത്രക്കാരാണ് ദീപാവലി സീസണിൽ കൂടുതൽ എത്തിയത്. വിദേശികൾ പൊതുവേ കുറവായിരുന്നു. ഹിൽ സ്റ്റേഷനുകളാണ് കൂടുതൽപ്പേർ തിരഞ്ഞെടുത്തത്.
സന്ധ്യ വർമ്മ,
ആർക്‌ടിക് ടേൺ
കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവിൽ വളർച്ചയുണ്ട്. ടൂറിസം വകുപ്പ് നടത്തുന്ന പരിപാടികൾ സഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ
അഷ്‌റഫ് കുന്നുമ്മൽ,
സംസ്ഥാന സെക്രട്ടറി,
ട്രാവൽ ഏജന്റ്സ്
അസോസിയേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |