കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിലെ യുണീക് ഐ.ഡി സംരംഭമായ ഓൺലൈൻ സംഗീത വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം മ്യൂസിക് പണ്ഡിറ്റിന്റെ സ്ഥാപക സി.ഇ.ഒ സേറാ ജോണിനെ ഇന്ത്യയിലെ മികച്ച 50 വനിതാ നേതാക്കളിൽ ഒരാളായി തെരഞ്ഞടുത്തു. വേർവ് മാനേജ്‌മെന്റ് സംഘടിപ്പിച്ച വനിതാ നേതാക്കളുടെ ഉച്ചകോടിയിലാണ് പ്രഖ്യാപനം.
ബ്ലൂടിംബ്രെ മ്യൂസിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 2021ൽ സ്ഥാപിതമായ സംരംഭമാണ് മ്യൂസിക് പണ്ഡിറ്റ്. സംഗീതപഠനത്തിന് ചിട്ടയായ അദ്ധ്യാപനരീതിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഇന്ത്യ, മദ്ധ്യേഷ്യ, തെക്ക് കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, യു.എസ്.എ, യൂറോപ്പ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഉപഭോക്താക്കളാണ്.
ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് സംഗീത വിദ്യാഭ്യാസം നൽകുന്നു. ഒപ്പം ആത്മവിശ്വാസം, അച്ചടക്കം, സർഗാത്മകത എന്നിവയും വളർത്തിയെടുക്കാൻ സഹായിക്കുന്നു.
പുരസ്‌കാരം വ്യക്തിഗതനേട്ടമല്ല, മ്യൂസിക് പണ്ഡിറ്റിന്റെ കൂട്ടായ ലക്ഷ്യത്തിന്റെയും പ്രയത്‌നത്തിന്റെയും അംഗീകാരമാണെന്ന് സേറ പറഞ്ഞു. എല്ലാ കുട്ടികൾക്കും സംഗീതവിദ്യാഭ്യാസം പ്രാപ്യവും ആകർഷകവുമാക്കുകയാണ് ദൗത്യം. സംഗീതത്തിന് കൂടുതൽ സന്തോഷമുള്ളവരും ആത്മവിശ്വാസമുള്ളവരുമായ വ്യക്തികളെ രൂപപ്പെടുത്താൻ കഴിയുമെന്ന് അവർ പറഞ്ഞു.
കോർപ്പറേറ്റ് ബാങ്കിംഗ് രംഗത്തെ തൊഴിൽവിട്ട് സംരംഭകയായതാണ് ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക്, ഐ.ഐ.എം ബാംഗ്ലൂരിലെ വനിതാ സ്റ്റാർട്ടപ്പ് പ്രോഗ്രാം, കേരള സ്റ്റാർട്ടപ്പ് മിഷന്റെ വി ഗ്രോ ഇൻക്യുബേഷൻ പ്രോഗ്രാം എന്നിവയുൾപ്പെടെ സംരംഭകത്വ പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു സേറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |