കൊച്ചി: ക്രൂരമർദ്ദനമേറ്റതിന്റെ പരിക്കും വേദനയും മായുംമുമ്പ് ശാന്ത മടങ്ങി, തന്നെ നിലത്തിട്ട് ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വൃദ്ധസദനം നടത്തിപ്പുകാരിയുടെ അറസ്റ്റിന് കാത്തുനിൽക്കാതെ. വീട്ടിൽ ചികിത്സ തുടരുന്നതിനിടെ ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു മഞ്ഞുമ്മൽ കുടത്തറപ്പിള്ളി വീട്ടിൽ ശാന്ത (71) മരണത്തിന് കീഴടങ്ങിയത്. തൃപ്പൂണിത്തുറ എരൂരിലെ വൃദ്ധസദനത്തിൽ വച്ചാണ് കിടപ്പുരോഗിയായ ശാന്തയ്ക്ക് നടത്തിപ്പുകാരിയിൽ നിന്ന് മർദ്ദനമേറ്റ് വാരിയെല്ല് പൊട്ടിയത്. മന:സാക്ഷിയെ ഞെട്ടിച്ച വാർത്ത കേരളകൗമുദിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്.
14 ദിവസത്തോളം ശാന്ത കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 11ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ ഏലൂർ പൊലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് കേസെടുത്തു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ സംസ്‌കാരം നടത്തി. മരണകാരണത്തിന് മർദ്ദനവുമായി ബന്ധമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായാൽ എഫ്.ഐ.ആർ പരിഷ്‌കരിച്ച് ഹിൽപാലസ് പൊലീസ് കേസന്വേഷിക്കും.
മഞ്ഞുമ്മലിലെ തറവാട്ടുവീട്ടിലാണ് ശാന്ത താമസിച്ചിരുന്നത്. ഭർത്താവ് അയ്യപ്പൻ മരിച്ചതോടെ ഒറ്റയ്ക്കായി. മക്കളില്ലാത്ത ഇവർ സഹോദരിയുടെയും മകളുടെയും സംരക്ഷണത്തിലായിരുന്നു. അടുത്തിടെ വീണ് കാലിനും ദേഹത്തും പരിക്കേറ്റ് കിടപ്പിലായ ശാന്തയ്ക്ക് നല്ല പരിചരണം ഉറപ്പാക്കാനാണ് ഓഗസ്റ്റ് രണ്ടിന് കിടപ്പുരോഗികളെ പരിപാലിക്കുന്ന വൃദ്ധസദനത്തിലേക്ക് മാറ്റിയത്.
ഒക്ടോബർ 27ന് ശാന്തയ്ക്ക് ശ്വാസതടസമുണ്ടെന്ന് അറിയിച്ച് ബന്ധുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിയിലേക്കുള്ള ആംബുലൻസ് യാത്രയ്ക്കിടെയാണ് രണ്ടുമാസമായി നേരിട്ടിരുന്ന ദുരനുഭവം ഇവർ സഹോദരിയോടെ തുറന്നുപറഞ്ഞത്. അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു ശാന്തയുടെ മൊഴി. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് ദുരനുഭവങ്ങൾ പങ്കുവച്ചതോടെ സി.ടി സ്കാൻ എടുത്തപ്പോഴാണ് വാരിയെല്ലിന് പൊട്ടലുണ്ടെന്നും വീഴ്ചയിലുണ്ടായ മുറിവ് പഴുത്ത് ആഴത്തിലായെന്നും തിരിച്ചറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |