കൊച്ചി: അർജന്റീനയുടെ ഫുട്‌ബാൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതിന് കേരളത്തിന് ചെലവായത് 13 ലക്ഷം മാത്രമെന്ന് വിവരം. 2024 സെപ്തംബർ മൂന്ന് മുതൽ അഞ്ച് വരെ കായിക വകുപ്പ് മന്ത്രി, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കായിക വകുപ്പ് യുവജനകാര്യ സെക്രട്ടറി എന്നിവർ സ്‌പെയിൻ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ചെലവായ 13,04,434 രൂപ മാത്രമാണ് സംസ്ഥാന സർക്കാരിന് ചെലവായതെന്നാണ് ഔദ്യോഗിക കണക്ക്.
മറ്റ് ആലോചനാ യോഗങ്ങൾ, പ്രാരംഭ ചർച്ചകൾ ഉന്നത ഉദ്യോഗസ്ഥരുടെ യാത്രാ ചെലവുകൾ എന്നിവയൊന്നും കണക്കിൽ കൂട്ടിയിട്ടില്ല. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാല നൽകിയ വിവരാവകാശ രേഖയുടെ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
സ്‌പെയിൻ യാത്രയ്ക്കായ തുക ഏതെല്ലാം ഇനത്തിലാണ് ചെലവിട്ടത്, ഏത് ഫണ്ടിൽ നിന്നുമാണ് ലഭ്യമാക്കിയത്, അനുബന്ധ ഒരുക്കങ്ങളുടെ ചെലവ് എത്ര, സ്റ്റേഡിയം നവീകരണത്തിന് സർക്കാരിന് ചെലവായ തുക, സ്‌പോൺസർമാർ സർക്കാരിന് പണം നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മറുപടിയൊന്നും നൽകിയിട്ടില്ല.
ഒക്ടോബർ 25നാണ് മെസിയും ടീമും കേരളത്തിലേക്ക് വരില്ലെന്ന് ഔദ്യോഗികമായി അറിയിച്ചത്. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബർ വിൻഡോയിലെ കളി മാറ്റിവയ്ക്കാൻ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായുള്ള ചർച്ചയ്ക്കു ശേഷം ധാരണയായെന്നായിരുന്നു സ്പോൺസറുടെ വിശദീകരണം. അടുത്ത വിൻഡോയിൽ കേരളത്തിൽ കളിക്കുമെന്നും സ്‌പോൺസർ വിശദീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |