
ചോറ്റാനിക്കര: വോട്ട് ചെയ്യാൻ മടിയുള്ളവരെ കഥകളിലൂടെ ബൂത്തിലെത്തിക്കാൻ രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ ആർ. ഹരീഷ് നമ്പൂതിരിപ്പാട്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൂടിവരുമ്പോഴും കഥകളിലൂടെ ജനാധിപത്യ പ്രക്രിയയ്ക്ക് പിന്തുണ നൽകാൻ ശ്രമിക്കുകയാണ് ബാലസാഹിത്യകാരൻ കൂടിയായ ആർ. ഹരീഷ് നമ്പൂതിരിപ്പാട്. ഈ തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയുള്ള സ്ഥാനാർത്ഥികളുടെ നെട്ടോട്ടവും അവർക്ക് പറ്റുന്ന അമളികളും സ്വീകരണവും വെല്ലുവിളികളും കഥകളുടെ രൂപത്തിൽ പങ്കുവയ്ക്കുകയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് ദിവസവും അതിന് തലേ ദിവസവും പുതിയ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ പ്രചോദനം നൽകുന്ന കഥകളാണ് തയ്യാറാക്കുന്നത്. "സ്ഥാനാർത്ഥി മാമൻ", "വോട്ടു കുട്ടപ്പൻ", "മസാജ് മാമൻ", "സ്ഥാനാർത്ഥികളുടെ നെട്ടോട്ടം", "പുതിയ പ്രകാശം" തുടങ്ങിയ കഥകൾ ഇതിനോടകം പങ്കുവച്ചു. 'പ്രകാശത്തിന്റെ വഴിയിലൂടെ" എന്ന പ്രചോദന കഥയാണ് തിരഞ്ഞെടുപ്പ് ദിവസം പങ്കുവെക്കാനൊരുങ്ങുന്നത്.
റെക്കാർഡും സ്വന്തം
കുഞ്ഞുങ്ങൾക്കിടയിൽ കഥമാമൻ എന്നറിയപ്പെടുന്ന ഹരീഷ് അഞ്ചു വർഷത്തിലേറെയായി ദിവസവും ഓരോ കഥകൾ വീതം തയ്യാറാക്കി ശബ്ദ സന്ദേശ രൂപത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ലോകം മുഴുവനും എത്തിക്കുന്നു. ഹരീഷിന്റെ കഥകൾ 1600 ദിവസം പൂർത്തിയാക്കി യൂണിവേഴ്സൽ റെക്കാർഡും കരസ്ഥമാക്കി. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ അംഗമായ ആർ. ഹരീഷ് നമ്പൂതിരിപ്പാട് കാക്കൂർ ഗ്രാമീണ വായനശാലയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. കഥ പറച്ചിലിന് ഭാര്യ സൗമ്യയും പഞ്ചായത്തിൽ കന്നി വോട്ട് ചെയ്യുന്ന മകൻ അഭിനവ് ഹരീഷും പിന്തുണയേകുന്നു.
വോട്ടെടുപ്പിന്റെ കൗതുകങ്ങൾ കഥകളിലൂടെ കേട്ടറിയുന്ന പുതുതലമുറയിലെ ചിലരെങ്കിലും മടുപ്പ് മാറ്റിവെച്ച് വോട്ട് ചെയ്യാൻ വന്നാൽ അതൊരു വലിയ വിജയമായിരിക്കും
ആർ. ഹരീഷ് നമ്പൂതിരിപ്പാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |