
കോലഞ്ചേരി: 'കള്ളൻ ചക്കേട്ടു, കണ്ടാ മിണ്ടണ്ട, കൊണ്ടോയ് തിന്നോട്ടെ." ഇനി ഇങ്ങനെയാരും പാടില്ല. കാരണം ചക്കയുടെ വില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ബഡ് ചക്കയ്ക്ക് കിലോ 80 രൂപയും നാടൻ ചക്ക 60 രൂപയുമാണ് വില്പന വില. 500 രൂപ കൈയിൽ ഇല്ലാതെ ചെറിയ ചക്ക പോലും ലഭിക്കില്ലെന്ന് സാരം. നേരത്തെ മൂപ്പു കുറഞ്ഞ ചക്ക (ഇടിച്ചക്ക) അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനായി വില്പനക്കാർ എത്തി ചുളുവിലയ്ക്ക് ശേഖരിക്കുമായിരുന്നു. ഇപ്പോൾ വീട്ടുകാർ ഇടിച്ചക്ക കൊടുക്കാതെ മൂപ്പെത്തിച്ചാണ് കച്ചവടം ചെയ്യുന്നത്. ഒന്നിന് 200 രൂപ വരെ ലഭിക്കും.
ചക്കയ്ക്ക് ഡിമാൻഡ് കൂടിയതോടെ വ്യാപകമായി ചക്ക കൃഷിയും തുടങ്ങിയിട്ടുണ്ട്. വിവിധയിനം ബഡ് പ്ലാവിൻ തൈകൾ ലഭ്യമാണ്. റബ്ബർ വെട്ടി മാറ്റി വൻതോതിൽ ചക്ക കൃഷിയിറക്കാനും കർഷകർ തയ്യാറെടുത്തു കഴിഞ്ഞു.
ഗുണങ്ങളുടെ കലവറ
കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ എ, സി, വിവിധ വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്‌ഫറസ്, വിറ്റാമിൻ സി എന്നിവയുടെ ഒന്നാന്തരം ഉറവിടം. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും.
ചക്കയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.
കൊളസ്‌ട്രോൾ രഹിതമായ പഴമാണ്. കൊഴുപ്പ് ഇല്ലാത്തതിനാൽ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.
മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും.
അഞ്ചു ടേബിൾ സ്പൂൺ ചക്കയിൽ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്.
ചർമസുന്ദരമായ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോൽപിക്കാനും ചക്ക സഹായിക്കും. കുടൽ വ്രണത്തിനും നല്ലൊരു പ്രതിവിധിയാണത്രെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |