
കൊച്ചി: 30 ദിവസം, ജില്ലയിൽ സീബ്രാ ക്രോസിംഗ് നിയമം ലംഘിച്ചതിന് രജിസ്റ്റർ ചെയ്തത് 833 കേസുകൾ! സീബ്രാ ലൈനിലൂടെ ആളുകൾ കടന്നുപോകുന്നത് വകവയ്ക്കാതെ വാഹനവുമായി കടന്നുപോകുന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. കാൽനട യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിച്ചത്. 2000 രൂപയാണ് പിഴ.
അപകടകരമായ ഡ്രൈവിംഗിന് മോട്ടോർ വാഹന നിയമത്തിലെ 184 വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. എറണാകുളം നഗരത്തിൽ ഹൈക്കോടതി ജംഗ്ഷൻ, മേനക, പള്ളിമുക്ക്, എം.ജി. റോഡ് ജോസ് ജംഗ്ഷൻ, പാലാരിവട്ടം ബൈപ്പാസിലെ വിവിധ ജംഗ്ഷനുകൾ, കലൂർ സിഗ്‌നൽ, ഇടപ്പള്ളി ടോൾ, മാധവ ഫാർമസി ജംഗ്ഷൻ, തേവര തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലും ജില്ലയിലെ പ്രധാന മേഖലകളിലും സീബ്രാ ലൈൻ നിയമലംഘനങ്ങൾ നിത്യസംഭവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
റോഡിനു കുറുകെ കടക്കുമ്പോൾ പൊലീസിന്റെ സഹായമില്ലെങ്കിൽ കാൽനട യാത്രക്കാരെ വാഹനങ്ങൾ ഇടിച്ചു താഴെയിടുമെന്ന സ്ഥിതിയാണ് നഗരത്തിൽ. സീബ്രാക്രോസിംഗുകളിൽ അപകടത്തിന് ഇരയാകുന്നവരിൽ പകുതിയും മുതിർന്ന പൗരൻമാരാണ്. ശരിയായ നടപ്പാതകളില്ലാത്തതും അനധികൃത പാർക്കിംഗും കാൽനടക്കാർക്ക് ഭീഷണിയാണ്.
മാഞ്ഞും മറഞ്ഞും വര
നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നീക്കം. സീബ്രാ ക്രോസിംഗിൽ നിന്ന് ഡ്രൈവർമാർ അകലെ നിർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഇനിയും സ്വീകരിക്കേണ്ടതുണ്ട്. ജില്ലയിൽ പലയിടത്തും പാതയിൽ സീബ്രാലൈനുകൾ എല്ലാം മാഞ്ഞ നിലയിലാണ്. ഇത് റോഡ് മുറിച്ചു കടക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മാസങ്ങളായിട്ടും വീണ്ടും ഇവ തെളിച്ച് വരയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഹൈക്കോടതി നിർദ്ദേശങ്ങൾ
1.ആളുകൾ സീബ്രാലൈനിലൂടെ കുറുകെ കടക്കുന്നത് ദൂരെനിന്ന് കാണാനും വേഗതകുറയ്ക്കാനും ഡ്രൈവർമാർക്ക് കഴിയണം. ഇതിനായി സീബ്രാലൈനിന് മീറ്ററുകൾക്കുമുമ്പേ സിഗ്‌നലുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം
2.ദൂരെനിന്ന് ഡ്രൈവർക്ക് കാണാനാവുന്ന വിധത്തിലുള്ള ടേബിൾടോപ്പ് സീബ്രാലൈനുകളും സ്ഥാപിക്കണം.
3. സീബ്രാലൈനുകളിൽ ഗതാഗത നിയന്ത്രണത്തിന് താത്കാലികമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നല്ലതാണ്.
പരിഷ്‌കൃത സമൂഹത്തിൽ സീബ്രാ ക്രോസിംഗിൽ വാഹനം നിർത്തുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. സീബ്രാ ക്രോസിംഗിൽ യാത്രക്കാർക്കാണ് ഒന്നാമത്തെ അവകാശം
ഹൈക്കോടതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |