പറവൂർ: ബലമായി പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയി പട്ടണം പാടത്ത് പറമ്പിൽ ശിവപ്രസാദിനെ (50) വടക്കേക്കര പൊലീസ് മർദ്ദിച്ചതായി പരാതി. ഞായറാഴ്ച വൈകിട്ട് ആറോടെ നാട്ടകാരനും വിവിധ കേസുകളിൽ പ്രതിയുമായ അമൽപ്രസാദുമായി സംസാരിച്ച് നിൽക്കുമ്പോഴാണ് പൊലീസെത്തിയത്. അമലിനെ കസ്റ്റഡിയിലെടുത്തശേഷം ശിവപ്രസാദിനോടും ജീപ്പിൽ കയറാൻ ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നപ്പോൾ സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ബലമായി ജീപ്പിൽക്കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജീപ്പിൽവച്ച് മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. താൻ അസുഖബാധിതനാണെന്ന് പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ലെന്ന് ശിവപ്രസാദ് പറഞ്ഞു. സ്റ്റേഷനിൽ കൊണ്ടുപോയി ആധാർകാർഡ് ആവശ്യപ്പെട്ടു. കൈയിലില്ലാത്തതിനാൽ വീട്ടിൽനിന്ന് വാട്സ്ആപ്പിൽ വാങ്ങിച്ച് പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. പിറ്റേന്ന് തോളിൽ നീര് വന്നതിനാൽ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പരിശോധനയിൽ തോളെല്ലിന് ചതവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. പൊലീസ് ചികിത്സയിൽ കഴിയുന്ന ശിവപ്രസാദിന്റെ മൊഴിയെടുത്തു.
എന്നാൽ അമൽപ്രസാദിനെ പിടികൂടിയപ്പോൾ ശിവപ്രസാദ് പൊലീസിനോട് തട്ടിക്കയറിയെന്നും അമൽപ്രസാദും ശിവപ്രസാദും ഒരുപറമ്പിൽവച്ചു മദ്യപിച്ചിരുന്നെന്നും മർദിച്ചെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |