SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ജനലക്ഷങ്ങൾ ബലിതർപ്പണം നടത്തി മടങ്ങി

Increase Font Size Decrease Font Size Print Page
balitharppanam

#തർപ്പണം ഇന്ന് വൈകിട്ട് വരെ തുടരും

ആലുവ: ശിവരാത്രി നാളിൽ ഉറക്കമിളച്ച് ബലിതർപ്പണം നടത്തി ലക്ഷക്കണക്കിന് ഭക്തർ മടങ്ങിയെങ്കിലും ആലുവ മണപ്പുറത്ത് അമാവാസി വാവുബലി ഇന്ന് വൈകിട്ട് വരെ തുടരും. ഇന്നലെ വൈകിട്ട് നാലര മുതൽ ഇന്ന് വൈകിട്ട് നാലര വരെ അമവാസിയായതിനാലാണ് വാവുബലി ഇന്നും തുടരുന്നത്. രണ്ട് ദിവസം വാവുള്ളതിനാൽ ഇന്നലെ പുലർച്ചെ മണപ്പുറത്ത് പതിവ് ശിവരാത്രി തിരക്ക് അനുഭവപ്പെട്ടില്ല. ഞായറാഴ്ച രാത്രി എട്ട് മുതൽ ഒരു മണി വരെ മണപ്പുറത്തും അദ്വൈതാശ്രമത്തിലും ശക്തമായ തിരക്കനുഭവപ്പെട്ടു. പിന്നീട് തിരക്ക് അൽപ്പം കുറഞ്ഞെങ്കിലും പുലർച്ചയോടെ വീണ്ടും തിരക്കായി. ഏകദേശം പത്ത് ലക്ഷത്തോളം പേർ പിതൃബലിയർപ്പിക്കാൻ എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും മറുകരയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമായി ബലിതർപ്പണം നടന്നു. മണപ്പുറത്ത് 73 താത്കാലിക ബലിത്തറകൾ ഉണ്ടായിരുന്നു. അദ്വൈതാശ്രമത്തിൽ ഒരേസമയം 750പേർക്ക് തർപ്പണ സൗകര്യമൊരുക്കിയിരുന്നു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മേൽനോട്ടത്തിൽ മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിച്ചു.

ഒരു മാസം വ്യാപാരമേളയുടെ നാളുകൾ

ഒരു മാസക്കാലം ആലുവ മണപ്പുറത്ത് വ്യാപാരത്തിന്റെയും വിനോദത്തിന്റെയും നാളുകളായിരിക്കും. അഗ്രിടെക് ഗ്രീൻ ടെക്നോളജീസിനാണ് വ്യാപാരമേളയുടെയും വിനോദ പരിപാടികളുടെയും നടത്തിപ്പ് കരാർ. സൂപ്പർ റിയാലിറ്റി ഡോം തിയറ്ററും പ്രേതഭവനങ്ങളും ആളുകളെ ഏറെ ആകർഷിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മരണക്കിണറുകളും കാഴ്ചക്കാർക്ക് വിസ്മയക്കാഴ്ചയായിരിക്കും. 150 അടി ഉയരത്തിലിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന സ്‌കൈ ഡൈനിഗും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നു.

TAGS: LOCAL NEWS, ERNAKULAM, SIVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY