* ബംഗളൂരു ദുരന്തം * രാമമംഗലം സ്വദേശികളുടെ കുടുംബങ്ങൾക്ക് കർണാടകയുടെ ധനസഹായം കൈമാറി

Wednesday 06 May 2026 2:35 AM IST
ബംഗളൂരു അപകടത്തിൽ മരിച്ച രാമമംഗലം സ്വദേശികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം കർണ്ണാടക പിന്നാക്ക ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറുന്നു.

രാമമംഗലം: വിനോദ സഞ്ചാരത്തിനിടെ ബംഗളൂരുവിൽ മതിൽ ഇടിഞ്ഞുവീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാരിന്റെ ധനസഹായം കൈമാറി. അപകടത്തിൽ മരിച്ച രണ്ട് പേരുടെയും പരിക്കേറ്റ മൂന്നു പേരുടെയും കുടുംബങ്ങൾക്ക് കർണ്ണാടക പിന്നാക്ക ക്ഷേമ മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തി ചെക്ക് കൈമാറുകയായിരുന്നു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാരിന്റെ അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി സ്വന്തം നിലയിൽ അഞ്ച് ലക്ഷം രൂപ കൂടി ചേർത്ത് 10 ലക്ഷം രൂപയാണ് നൽകിയത്. പരിക്കേറ്റവർക്ക് സർക്കാരിന്റെ ഒരു ലക്ഷവും മന്ത്രിയുടെ ഒരു ലക്ഷവും ചേർത്ത് രണ്ട് ലക്ഷം രൂപ വീതം നൽകി.

​മരിച്ച സ്മിതയുടെ കിഴുമുറിയിലെ വീട്ടിലെത്തിയ മന്ത്രി ചെക്ക് ഭർത്താവ് രഘുവിന് കൈമാറി. ലതയുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്കും സ്മിതയുടെ വീട്ടിൽ വച്ചുതന്നെ ചെക്കുകൾ കൈമാറി.

കഴിഞ്ഞ ഏപ്രിൽ 29 നായിരുന്നു നാടിനെ കണ്ണീരിലാഴ്‌ത്തിയ ദുരന്തം. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള യാത്രയ്‌ക്കിടെ ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണാണ് കിഴുമുറി തേക്കെയിറമ്പിൽ സ്‌മിത രഘു (49), കൊട്ടാരത്തു മനക്കുടിയിൽ കെ.കെ. ലത (59) എന്നിവർ മരിച്ചത്. രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായാ മണികണ്ഠൻ (51), സിജി അനിൽ (45) എന്നിവർക്ക് പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ സിജി ഇപ്പോഴും ബംഗളൂരുവിൽ ചികിത്സയിലാണ്.

​ശിവാജി നഗറിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് സമീപത്ത് വലിച്ചുകെട്ടിയിരുന്ന ടാർപോളിന് അടിയിൽ അഭയം പ്രാപിച്ചവരാണ് അപകടത്തിൽപ്പെട്ടത്.

​ചെക്ക് കൈമാറുന്ന ചടങ്ങിൽ ഡി.സി.സി അംഗം വിൽസൺ കെ. ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, വൈസ് പ്രസിഡന്റ് എൻ.ആർ. ശ്രീനിവാസൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.