അതുവേണ്ട ! ട്രെയിനിലെ വാതിൽപ്പടി യാത്രയും ചാടിക്കയറലും: ജാഗ്രതാ നിർദ്ദേശവുമായി റെയിൽവേ 

Thursday 07 May 2026 1:44 AM IST

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വാതിൽപ്പടി യാത്രയും നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാനും ചാടിയിറങ്ങാനുമുള്ള ശ്രമങ്ങളും ഒഴിവാക്കണമെന്ന് റെയിൽവേയുടെ ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ 30ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കൊല്ലം മൺറോതുരുത്ത് സ്വദേശി ചിപ്പിയെന്ന യുവതി വഞ്ചിനാട് എക്സ്പ്രസിൽ ചാടിക്കയറുന്നതിനിടെ ട്രെയിനിന്റെ അടിയിൽപ്പെട്ട് മരിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ കണക്കിലെടുത്താണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെയും ആർ.പി.എഫിന്റെയും മുന്നറിയിപ്പ്.

4 മാസത്തിനിടെ 12 മരണം

തിരുവനന്തപുരം ഡിവിഷനിൽ ഈ വർഷം ജനുവരി മുതൽ ഇതുവരെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് 12 പേരാണ്. ചാടിയിറങ്ങാനും ചാടിക്കയറാനും ശ്രമിച്ചവരും വാതിൽപ്പടി യാത്രക്കാരും ഇതിൽപ്പെടും. 25 പേർക്ക് പരിക്കുപറ്റി. പലരുടെയും പരിക്ക് ഗുരുതരമാണ്. ചിലർക്ക് അംഗഭംഗം സംഭവിച്ചു.

ചൂട് കൂടിയതോടെ വാതിൽപ്പടി യാത്ര വർദ്ധിക്കുന്നതായി റെയിൽവേ വക്താവ് പറഞ്ഞു. ചവിട്ടുപടിയിൽ നിന്നുള്ള യാത്രയും വാതിലിൽ നിന്ന് പുറത്തേക്ക് ചാഞ്ഞും തൂങ്ങിയുമുള്ള യാത്രയും ജീവനെടുത്തേക്കാം.

സുരക്ഷിത യാത്രാ രീതികൾ പാലിക്കണം

ട്രെയിൻ വളവുകൾ പിന്നിടുമ്പോഴും ബ്രേക്കിടുമ്പോഴും ബാലൻസ് തെറ്റി പുറത്തേക്ക് വീഴാൻ ഇടയാക്കും. ട്രെയിനിലെ തിരക്കും പെട്ടെന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും അപകടകാരണമാകാം. ട്രെയിനിൽ കയറിക്കഴിഞ്ഞാൽ വാതിലിൽ നിന്ന് മാറി കോച്ചിനകത്ത് സുരക്ഷിത ഭാഗത്ത് നിന്ന് വേണം യാത്ര ചെയ്യാനെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.