ട്രെയിലർ ലോറിയിൽനിന്ന് കമ്പിക്കെട്ട് റോഡിൽ വീണു

Thursday 07 May 2026 1:29 AM IST
കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ ട്രെയിലർ ലോറിയിൽനിന്ന് കമ്പിക്കെട്ടുകൾ വീണ നിലയിൽ

കളമശേരി: തിരക്കേറിയ എച്ച്.എം.ടി ജംഗ്ഷനിൽ ട്രെയിലർ ലോറിയിൽനിന്ന് ഭാരമുള്ള കമ്പിക്കെട്ട് റോഡിലേക്ക് വീണെങ്കിലും വലിയൊരപകടം തലനാരിഴയ്ക്ക് ഒഴിവായി. എൻ. എ. ഡി ഭാഗത്തുനിന്ന് ലോഡ് കയറ്റി എച്ച് എം.ടി ജംഗ്ഷനിലൂടെ സഞ്ചരിച്ചിരുന്ന ട്രെയിലർ ലോറിയിൽ നിന്ന് നാല് ടണ്ണോളം ഭാരമുള്ള കമ്പിക്കെട്ട് റോഡിലേക്ക് വീഴുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം. അപകടസമയത്ത് ലോറിയുടെ പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നതിനാൽ അപകടമൊഴിവായി. റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കമ്പിക്കെട്ട് സുരക്ഷിതമായി ബന്ധിച്ചിരുന്ന ഭാഗം ഒടിഞ്ഞതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇതിന് മുമ്പും നീളം കൂടിയതും കോയിൽ ടൈപ്പുമായ കമ്പികൾ ട്രെയിലർ ലോറിയിൽ നിന്ന് ഇത്തരത്തിൽ ഇവിടെ പലഭാഗങ്ങളിലായി റോഡിൽ വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ കൊണ്ടുപോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് വഴിവയ്ക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. പൊലീസ് ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കമ്പിക്കെട്ട് വീണ്ടും ട്രെയിലറിലേക്ക് മാറ്റി.