'സംസ്കൃത സർവകലാശാലയെ തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിച്ചു"
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയെ തകർക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിച്ചുവെന്ന് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ. സർവകലാശാലയെ തകർക്കാൻ ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്കൃത സർവകലാശാലയെ ദേശദ്രോഹ ശക്തികളിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കാലടിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടി ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടന്ന സമ്മേളനത്തിൽ ഡോ. എസ്. രാജശേഖരൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു മുഖ്യപ്രഭാഷണവും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.എ. ബ്രഹ്മരാജ് ആമുഖപ്രഭാഷണവും നടത്തി. അധീന ഭാരതി, ഡോ. രേണു സുരേഷ്, വി.കെ. വിശ്വനാഥൻ, കെ.വി. ശിവൻ, പി.എം. വേലായുധൻ, ടി.എം. കൃഷ്ണകുമാർ, അഗസ്റ്റിൻ കോലഞ്ചേരി എന്നിവർ സംസാരിച്ചു. കാലടി പൊലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.