'പൈനാപ്പിൾ വിലയിടിവിൽ അധികാരികൾ ഇടപെടണം"
മൂവാറ്റുപുഴ: സംസ്ഥാനത്തെ പൈനാപ്പിൾ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വില വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു. കിലോയ്ക്ക് 30 രൂപ ഉത്പാദന ചെലവ് വരുമ്പോൾ എ ഗ്രേഡ് പൈനാപ്പിളിന് 20 രൂപയും ബി ഗ്രേഡിന് 12 രൂപയുമാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്നത്. പ്രതിദിനം 1500 ടൺ പൈനാപ്പിൾ വിളവെടുത്ത് ആഭ്യന്തര വിപണിയിലും വിദേശത്തുമായി വിപണനം നടത്തിയിരുന്ന സ്ഥാനത്ത്, വിളവെടുപ്പിന് തയ്യാറായ 10000 ടൺ പഴം എന്തുചെയ്യണമെന്നറിയാതെ കർഷകർ ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം സങ്കീർണമായതോടെ വിദേശ കയറ്റുമതി നിലച്ചതും ഉത്തരേന്ത്യയിൽ ഗ്യാസ് ക്ഷാമം മൂലം ഹോട്ടൽ മേഖല പ്രതിസന്ധിയിലായതും വിപണന സാദ്ധ്യതകളെ ബാധിച്ചു. ദക്ഷിണേന്ത്യയിൽ മഴ കനത്തതും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രോസസിംഗ് യൂണിറ്റുകൾ മാമ്പഴ സീസണായതിനാൽ പൾപ്പ് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും തിരിച്ചടിയായി.
പ്രതിവർഷം 2000 കോടി രൂപ വരുമാനമുള്ള ഈ മേഖലയെ സംരക്ഷിക്കാൻ അധികൃതർ ഉടൻ ഇടപെടണം. വൈൻ നിർമ്മാണം പോലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും സർക്കാർ സബ്സിഡി നൽകി സ്വകാര്യ മേഖലയിൽ മൂല്യവർദ്ധിത ഉത്പന്നകേന്ദ്രങ്ങൾ ആരംഭിക്കണം. കൃഷി വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പൈനാപ്പിൾ സംഭരിക്കണമെന്നും 300-ൽ അധികം വരുന്ന ഹോർട്ടികോർപ് ഔട്ട്‌ലെറ്റുകൾ വഴി വിപണനം ഉറപ്പാക്കണമെന്നും എൽദോ എബ്രഹാം ആവശ്യപ്പെട്ടു.