'ഹൃദയത്തിലുണ്ട് 'അയ്യപ്പൻകാവ്': നഗരസഭയോട് യാത്രപറഞ്ഞ് ദീപക് ജോയ്

Thursday 14 May 2026 12:53 AM IST

കൊച്ചി: കൊച്ചി നഗരസഭയിലേക്ക് കൈപിടിച്ചുകയറ്റിയ അയ്യപ്പൻകാവ് നിവാസികളെ ഹൃദയത്തോടുചേർത്ത് ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയ് പടിയിറങ്ങി. നിയുക്ത തൃപ്പൂണിത്തുറ ആയതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനവും കൗൺസിലർ പദവിയും രാജിവച്ചത്. പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇന്നലെ ഉച്ചയോടെ കോർപ്പറേഷൻ ഓഫീസ് പടിക്കലെത്തി സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 26നാണ് ഡെപ്യൂട്ടി മേയറായി സത്യപ്രതിജ്ഞചെയ്തത്. കൊച്ചി കോർപറേഷന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലയളവിൽ ഡെപ്യൂട്ടി മേയർ പദവിയിലിരുന്ന വ്യക്തി എന്ന റെക്കാഡുമായാണ് ദീപക് ജോയ് മടങ്ങുന്നത്. കൗൺസിൽ ഹാളിൽ നടന്ന യാത്രഅയപ്പ് ചടങ്ങിൽ മേയർ വി.കെ. മിനിമോൾ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സീന ഗോകുലൻ, ടി.കെ. അഷ്‌റഫ്, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

ഡെപ്യൂട്ടി മേയറെന്ന നിലയിൽ കൗൺസിലിൽ തനിക്ക് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് മറുപടി പ്രസംഗത്തിൽ ദീപക് ജോയ് പറഞ്ഞു. വികാരനിർഭരമായ കുറിപ്പും ദീപക് ജോയ് ഫേസ്ബുക്കിൽ പങ്കുവച്ചു. ''രണ്ടു പദവികളും എനിക്ക് ലഭിക്കുവാൻ കാരണക്കാരായ എന്റെ സ്വന്തം അയ്യപ്പൻകാവ് നിവാസികളോട് ഒരിക്കൽ കൂടി നന്ദി പറയുന്നു. പാർട്ടി ഏൽപിച്ച പുതിയ ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ഈ രാജി. അയ്യപ്പൻകാവിലെ ഏതൊരാൾക്കും എന്താവശ്യത്തിനും എപ്പോഴും ഒപ്പമുണ്ടാകും.""

ദീപക് ജോയ് രാജിവച്ചതോടെ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടെത്താനുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായി. ആദ്യ രണ്ടരവർഷം ജെ. ദീപക് ജോയിക്കും തുടർന്നുള്ള ഒന്നരവർഷം കെ.വി.പി. കൃഷ്ണകുമാറിനും ഒരുവർഷം മുസ്ലീംലീഗിനും ഡെപ്യൂട്ടി മേയർസ്ഥാനം നൽകാനായിരുന്നു നേരത്തെയുള്ള തീരുമാനം. വി.ആർ. സുധീർ, എം.ജി. അരിസ്റ്റോട്ടിൽ, ഹെൻട്രി ഓസ്റ്റിൻ, ആന്റണി പൈനുതറ, പി.ഡി. മാർട്ടിൻ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താൽ വി.ആർ. സുധീറിന് നറുക്ക് വീണേക്കും.