പുസ്തകങ്ങളെന്നും വീക്ക്‌നെസ്

Friday 15 May 2026 1:31 AM IST

• സതീശൻ എന്ന 'ബിബ്ലിയോഫൈൽ'

കൊച്ചി: അക്ഷരങ്ങളിലൂടെ പിച്ചവച്ച് തുടങ്ങിയ രാഷ്ട്രീയ പ്രവ‌ർത്തനം. സിനിമ, സാമ്പത്തിക ശാസ്ത്രം, ടെക്നോളജി, രാഷ്ട്രീയം, നോവൽ എന്നുവേണ്ട ഏതു വിഷയത്തിലും ആഴത്തിലും പരപ്പിലുമുള്ള വായന. തേവര കോളേജിലെ തീപ്പൊരി പ്രാസംഗികനിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയിലേക്കുള്ള വി.ഡി. സതീശന്റെ രാഷ്ട്രീയ പ്രയാണത്തിൽ കരുത്തായത് വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളായിരുന്നു. ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിലും പുസ്തകവായനയിൽ മുഴുകിയിരിക്കുന്ന വി.ഡി. സതീശനെ സഹപ്രവർത്തകർ കണ്ടു. ഭരണസിരാകേന്ദ്രത്തിലെ ഫയലുകൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമപ്പുറം, അക്ഷരങ്ങളുടെ ലോകത്ത് സമാധാനം കണ്ടെത്തുന്ന ഒരു 'ബിബ്ലിയോഫൈൽ' കൂടിയാണ് വി.ഡി. സതീശൻ.

വായനയെന്ന രാഷ്ട്രീയ പ്രവർത്തനം

സതീശന് വായന കേവലം വിനോദമല്ല, രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. നിയമസഭയിലെ പ്രസംഗങ്ങളിലെ ആഴത്തിലുള്ള നിരീക്ഷണങ്ങൾക്കും ഉദ്ധരണികൾക്കും പിന്നിൽ വായനയുടെ കരുത്തുണ്ട്. ലോകോത്തര സാഹിത്യ കൃതികൾ മുതൽ മലയാളത്തിലെ പുതിയ നോവലുകൾ വരെ വായിക്കുന്ന പുസ്തകങ്ങളുടെ ഗണത്തിൽപ്പെടുന്നു. പുതിയ കാലത്തെ എഴുത്തുകാരെയും അവരുടെ പരീക്ഷണങ്ങളെയും അദ്ദേഹം സശ്രദ്ധം പിന്തുടരാറുണ്ട്.

 യാത്രകളിലെ പെൻസിൽ തുമ്പ്

യാത്രകളിലും പുസ്തകങ്ങളെ കൂടെക്കൂട്ടുന്നതാണ് അദ്ദേഹത്തിന്റെ രീതി. താൻ വായിക്കുന്ന പുസ്തകത്തിലെ പ്രധാന വരികൾ കുറിച്ചുവയ്ക്കുന്ന ശീലവുമുണ്ട്. കൈയിലെപ്പോഴും ഒരു പെൻസിൽ കരുതും. തിരക്കുകൾക്കിടയിലും തനിക്ക് പ്രിയപ്പെട്ട കൃതികളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവയ്ക്കാറുള്ള കുറിപ്പുകൾ വായനാപ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത നേടാറുണ്ട്.