ബാർവളപ്പിലെ സംഘട്ടനം: രണ്ട് യുവാക്കൾ അറസ്റ്റിൽ; പ്രതികളുടെ പരാതിയിലും കേസ്

Friday 15 May 2026 12:14 AM IST

കൊച്ചി: എറണാകുളം ചിറ്റൂർറോഡിലെ ബാറിൽ 11ന് രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ചേരാനല്ലൂർ സ്വദേശി കെ.ജെ. റിനോയ് നൽകിയ പരാതിയിലാണ് കലൂ‌ർ മണപ്പാട്ടിപ്പറമ്പ് വടക്കടത്ത്പറമ്പിൽ നസൽ നസീർ (22), കലൂർ വടശേരിപറമ്പിൽ യദുകൃഷ്ണൻ (22) എന്നിവരെ പിടികൂടിയത്. നസലും യദുകൃഷ്ണനും നൽകിയ പരാതിയിൽ റിനോയ് ഉൾപ്പെടെ മൂന്നുപേരെ പ്രതികളാക്കി പുതിയൊരു കേസ് കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു.

ബാറിലെ പാർക്കിംഗ് ഏരിയയിൽ രാത്രി 9.30നായിരുന്നു കൂട്ടയടി. ബാറിൽ മദ്യപിക്കുന്നതിനിടെ പാർക്കിംഗ് സ്ഥലത്ത് ബഹളംകേട്ട് എത്തിയപ്പോൾ 10 പേരടങ്ങുന്ന സംഘം തന്നെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയും കുത്തിപ്പരി​ക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് റിനോയ് നൽകിയ പരാതി. ഈ കേസിലാണ് ഐ.ടി. വിദ്യാർത്ഥികളായ നസൽ നസീറും യദുകൃഷ്ണനും ഇന്നലെ പിടിയിലായത്.

എന്നാൽ റിനോയിയും സംഘവും തങ്ങളെ ക്രൂരമായി മർ‌ദ്ദിച്ചെന്നാണ് പ്രതികളുടെ മൊഴി. പാർക്കിംഗ് ഏരിയയിൽനിന്ന് ബൈക്ക് സ്റ്റാർട്ടാക്കി നീങ്ങുന്നതിനിടെ യദുകൃഷ്ണന്റെ സുഹൃത്തിന്റെ നമ്പർപ്ലേറ്റ് ഇളകി പ്രതികളിൽ ഒരാളുടെ കാലിൽ വീണതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. റിനോയിയും സംഘവും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് സെൻട്രൽ പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.