പാൽവില കൂട്ടിയിട്ടും ക്ഷീരകർഷകർ കണ്ണീരിൽ

Monday 18 May 2026 12:18 AM IST
പാൽവില

കോലഞ്ചേരി: പാൽവില കൂട്ടിയിട്ടും കണ്ണീർ മായാതെ ക്ഷീരകർഷകർ. പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചെങ്കിലും കർഷകന്റെ കൈയിലെത്തുന്നത് രണ്ട് രൂപ മാത്രം. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കുമ്പോൾ കുറഞ്ഞത് പത്ത് രൂപയെങ്കിലും നഷ്ടമെന്നാണ് കർഷകരുടെ കണക്ക്.

കാലിത്തീറ്റയുടെ വില കുത്തനെ ഉയർന്നതാണ് പ്രധാന പ്രതിസന്ധി. കാലിത്തീറ്റ, ചോളപ്പൊടി, ഗോതമ്പുതവിട്, പരുത്തിപ്പിണ്ണാക്ക് തുടങ്ങി പശുവളർത്തലിന് അനിവാര്യമായ സാധനങ്ങൾക്കൊക്കെയും പ്രതിദിനം വിലകൂടുകയാണ്. കഴിഞ്ഞ ആഴ്ച മാത്രം കാലിത്തീറ്റയ്ക്ക് ഒറ്റയടിക്ക് 30 രൂപ വർദ്ധിച്ചു.

ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകന് ലിറ്ററിന് ശരാശരി ലഭിക്കുന്നത് 46 മുതൽ 47 രൂപ വരെയാണ്. സംഘങ്ങൾക്ക് മിൽമ നൽകുന്നത് 48 മുതൽ 48.50 രൂപ വരെയും. 60 രൂപയെങ്കിലും ലഭിച്ചാലേ പശുവളർത്തൽ ലാഭകരമാകൂവെന്ന് കർഷകർ പറയുന്നു.

വീടുകളിലെത്തിച്ച് പാൽ വിൽക്കുമ്പോൾ 65 മുതൽ 80 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും അതിനുള്ള ബുദ്ധിമുട്ടും ചെലവും കണക്കിലെടുത്താണ് ഭൂരിഭാഗം കർഷകരും സഹകരണ സംഘങ്ങളെ ആശ്രയിക്കുന്നത്.

കച്ചിയും പുല്ലും മാത്രം കൊടുത്ത് പശുവിനെ വളർത്തിയാൽ മതിയായ പാൽ ലഭിക്കില്ല. നല്ല നിലവാരത്തിലുള്ള തീറ്റ നൽകേണ്ടതുണ്ട്. കൂടാതെ, ക്ഷീരസംഘങ്ങളിൽ പാൽ നൽകുമ്പോൾ പാലിന്റെ ഗ്രേഡിനനുസരിച്ചാണ് കർഷകന് വില ലഭിക്കുന്നത്. ഒന്നോ രണ്ടോ പശുക്കളെ മാത്രം വളർത്തുന്ന ചെറുകിട കർഷകർ മറ്റ് വരുമാനങ്ങൾ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഉത്പാദനച്ചെലവ് 47 രൂപ

2018ൽ ക്ഷീരമേഖലയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഒരു ലിറ്റർ പാലിന്റെ ഉത്പാദനച്ചെലവ് 47 രൂപയെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ അതനുസരിച്ചുള്ള വിലവർദ്ധന ഇന്നുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് കർഷകരുടെ പരാതി.

ചെലവ്: 3,600, വരവ്: 3,220

ഒരു പശുവിനെ ഒരാഴ്ച പരിപാലിക്കാൻ ഒരു കെട്ട് കച്ചി, ഒരു പാക്കറ്റ് കാലിത്തീറ്റ, ബിയർ വേസ്റ്റ്, ചോള ശൈലേജ്, ചോളപ്പൊടി, ധാന്യപ്പൊടി തുടങ്ങിയവ വേണം. ഏകദേശം 3,600 രൂപയാകും. ദിവസം ശരാശരി 10 ലിറ്റർ പാൽ 46 രൂപ നിരക്കിൽ കണക്കാക്കിയാൽ ലഭിക്കുന്ന വരുമാനം 3,220 രൂപ മാത്രം.