മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞ് കെ റെയിൽ വിരുദ്ധരുടെ ആഹ്ലാദം
കൊച്ചി: കെ റെയിൽ പദ്ധതി വിജ്ഞാപനം റദ്ദാക്കിയതിന് പിന്നാലെ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞും മധുരം വിളമ്പിയും പ്രശ്നബാധിത മേഖലയിൽ ജനങ്ങളുടെ ആഹ്ലാദപ്രകടനം. കൊവിഡ് മഹാമാരിക്ക് പിന്നാലെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസിനൊപ്പം സർവസന്നാഹങ്ങളുമായി വന്ന ഉദ്യോഗസ്ഥർ വീടിന്റെ മുറ്റത്തും അടുക്കളയിലും കിടപ്പുമുറിയിലും വരെ മഞ്ഞക്കുറ്റികൾ നാട്ടിയപ്പോൾ വാവിട്ടു നിലവിളിച്ചവരാണ് മതിമറന്ന് ആഹ്ളാദിക്കുന്നത്. വീടും പറമ്പും ഉപേക്ഷിച്ച് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടവരും പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ കള്ളക്കേസിൽ കുടുങ്ങിയവരും മഞ്ഞക്കുറ്റി പറിക്കാൻ മുന്നിട്ടിറങ്ങി.
ജില്ലയിൽ എളവൂർ പുളിയാനത്ത്, നെടുവന്നൂർ, ചൊവ്വര ഫെറി, കുട്ടമശേരി, കീഴ്മാട്, നാലാംമൈൽ, ശാന്തിഗിരി, പുക്കാട്ടുപടി, പഴങ്ങനാട്, മാമല പ്രദേശങ്ങളിലാണ് ഉദ്യോഗസ്ഥർ മഞ്ഞക്കുറ്റി നാട്ടിയത്. ഭൂമിയുടെ ക്രയവിക്രയവും ഈട് വച്ച് ബാങ്ക് വായ്പ എടുക്കാനുള്ള അവകാശവുമൊക്കെ മരവിപ്പിക്കപ്പെട്ടു. അതിജീവനത്തിനായി സമരം ചെയ്ത 100ലേറെപ്പേർ കേസിൽ പ്രതികളുമായി. ആറ് വർഷത്തോളം ദുരിതമനുഭവിച്ചവരാണ് ഇന്നലത്തെ ഒറ്റ വിജ്ഞാപനം കൊണ്ട് സ്വതന്ത്രരായത്.
പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചും ചതുപ്പുനിലങ്ങൾ മണ്ണിട്ട് നികത്തിയും കോടികൾ കൊള്ളയടിക്കാനുള്ള ചിലരുടെ ആസൂത്രിത നീക്കമായിരുന്നു കെ. റെയിൽ പദ്ധതിയെന്നാണ് അന്നും ഇന്നും സമരക്കാർ പറയുന്നത്. മണിക്കൂറിൽ 140- 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് പോലുള്ള ട്രെയിൻ സർവീസുകൾ നിലവിലുള്ള നാട്ടിൽ ഇനിയും മൂന്ന് പതിറ്രാണ്ടിനുശേഷം 132 കിലോമീറ്റർ വേഗതയുള്ള കെ റെയിൽ കൊണ്ടുവരാനാണ് അന്നത്തെ സർക്കാർ ശ്രമിച്ചത്. അന്ന് ഡി.പി.ആർ ചോദിച്ചവരെയെല്ലാം കള്ളക്കേസിൽ കുടുക്കി. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മറുപടി കിട്ടിയില്ല. ഇതിനെതിരെ അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. അതോടെ ഗത്യന്തരമില്ലാതെയാണ് സർക്കാർ ഡി.പി.ആർ പുറത്തുവിട്ടത്.
90ലക്ഷം ലോഡ് മണ്ണും 80ലക്ഷം ലോഡ് കരിങ്കല്ലും ഈ പദ്ധതിക്ക് ആവശ്യമാണെന്നായിരുന്നു ഡി.പി.ആറിലെ സൂചന. 5000ൽപ്പരം നിർമ്മിതികൾ പൊളിച്ചും ആയിരക്കണക്കിന് നീർചാലുകൾ അടച്ചും നടപ്പിലാക്കുന്നതായിരുന്നു പദ്ധതി.
പദ്ധതി കേരളത്തിന് ആവശ്യമില്ലെന്നായിരുന്നു സമരസമിതിയുടെ ഉറച്ച നിലപാട്. അതിനുള്ള അംഗീകാരമാണ് വി.ഡി. സതീശൻ സർക്കാരിന്റെ നടപടി.
കെ.പി. സാൽവിൻ
ജില്ല കൺവീനർ
കെ. റെയിൽ വിരുദ്ധ
സമരസമിതി