കൊച്ചി: എതിരാളികളെ ബഹുദൂരം പിന്നിലാക്കി സി.ബി.എസ്.ഇ ക്ലസ്റ്റർ 11 സ്കൂൾ അത്ലറ്റിക് മീറ്റിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ ഓവറോൾ കിരീടംചൂടി. 277 പോയിന്റ് നേടിയാണ് കാർമൽ സ്കൂളിന്റെ പട്ടാഭിഷേകം. എരൂർ ഭവൻസ് വിദ്യാമന്ദിറാണ് റണ്ണറപ്പ്. 188 പോയിന്റ്. 151 പോയിന്റോടെ തേവക്കൽ വിദ്യോദയ സ്കൂൾ മൂന്നാമത്. സമാപന സമ്മേളനം കൊച്ചി മെട്രോ എം.ഡി ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
അണ്ടർ 14ൽ എരൂർ ഭവൻസ്
അണ്ടർ 14 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എരൂർ ഭവൻസ് വിദ്യാമന്ദിർ ചാമ്പ്യന്മാരായി. 28 പോയിന്റോടെയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ഒന്നാമതെത്തിയത്. വെള്ളൂർ ഭവൻസ് ന്യൂസ്പ്രിന്റ് വിദ്യാലയയും തേവക്കൽ വിദ്യോദയ സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 16 പോയിന്റ്. അടിമാലി വിശ്വദീപ്തി സ്കൂളിനാണ് മൂന്നാം സ്ഥാനം. 12 പോയിന്റ്. 29 പോയിന്റ് സ്വന്തമാക്കിയാണ് ഭവൻസ് വിദ്യാമന്ദിർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത്. തേവക്കൽ വിദ്യോദയ സ്കൂളാണ് റണ്ണറപ്പ്. 27 പോയിന്റ്. വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിനാണ് മൂന്നാം സ്ഥാനം. 23 പോയിന്റ്.
അണ്ടർ 17ൽ കാർമലും
ആദർശ വിദ്യാലയയും
അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളും അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയും ചാമ്പ്യന്മാരായി. 56 പോയിന്റ് നേടിയാണ് കാർമൽ പട്ടികയിൽ ഒന്നാമതെത്തിയത്. 61 പോയിന്റ് സ്വന്തമാക്കിയാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. തേവക്കൽ വിദ്യോദയ സ്കൂളും കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂളും ആൺ കുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പ് സ്ഥാനം പങ്കിട്ടു. വടുതല ചിന്മയ വിദ്യാലയയ്ക്കാണ് മൂന്നാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ 49 പോയിന്റോടെ വടുതല ചിന്മയ വിദ്യാലയം റണ്ണറപ്പായി. തേവക്കൽ വിദ്യോദയ സ്കൂളിനാണ് മൂന്നാം സ്ഥാനം. 43 പോയിന്റ്.
19ൽ കാർമൽ മാത്രം
അത്ലറ്റിക്ക് മീറ്റൽ അണ്ടർ 19 ആൺ, പെൺ വിഭാഗത്തിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിനെ വെല്ലാർ ആരുമുണ്ടായില്ല. 93 പോയിന്റ് നേട്ടത്തോടെയാണ് ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ കിരീടം ഉറപ്പിച്ചത്. തൊട്ടുപിന്നിലുള്ള കാക്കനാട് ഭവൻസ് ആദർശ വിദ്യാലയയ്ക്ക് 39 പോയിന്റ് മാത്രമേ നേടാനായുള്ളൂ. വടുതല ചിന്മയ വിദ്യാലയയ്ക്കാണ് മൂന്നാം സ്ഥാനം. 38 പോയിന്റ്. എരൂർ ഭവൻസ് വിദ്യാമന്ദിർ ഉയർത്തിയ വെല്ലുവിളി അതിജീവിച്ചാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ കാർമൽ കിരീടം ചൂടിയത്. പോയിന്റ് 82. റണ്ണറപ്പായ ഭവൻസിന് 73 പോയിന്റ്. തേവക്കൽ വിദ്യോദയ സ്കൂളിനാണ് മൂന്നാം സ്ഥാനം. 25 പോയിന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |