കൊച്ചി: എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 39-ാമത് കൊച്ചിൻ പുഷ്പമേള 13 മുതൽ 22 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. 13 രാവിലെ ഒമ്പത് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ഉദ്ഘാടനം വൈകിട്ട് 6.30ന്. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ എന്നിവർ പങ്കെടുക്കും.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷത്തിനുശേഷമാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. 70,000 ചതുരശ്ര അടിയിലാണ് പ്രദർശനം. അഞ്ഞൂറിലേറെ വിഭാഗങ്ങളിൽ നിന്നായി അര ലക്ഷത്തോളം പുഷ്പങ്ങളും ചെടികളും പ്രദർശിപ്പിക്കും. 40 വിഭാഗങ്ങളിലായി രണ്ടായിരത്തോളം ഓർക്കിഡുകളും ഒട്ടനവധി ചെടികളും പ്രദർശനത്തിൽ അണിനിരത്തും. സൂര്യകാന്തി, ആമ്പൽ, ഫ്ളോട്ടിംഗ് ഗാർഡൻ, ലാംപ് ടെറേറിയം, ടോപിയറി, പോയിൻസെറ്റിൻ പുഷ്പങ്ങൾ എന്നിവയാണ് മുഖ്യ ആകർഷണം. 5,000 ചതുരശ്ര അടിയിൽ തീം അടിസ്ഥാനമാക്കിയ ഫ്ളവർ അറേഞ്ച്‌മെന്റ്‌സ്, 20 അടി വലിപ്പമുള്ള വെജിറ്റബിൾ കാർവിംഗ്സ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. കയർ ബോർഡ്, നാളികേര വികസന ബോർഡ്, റബ്ബർ ബോർഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.
പത്ത് ഫോട്ടോ പോയിന്റുകൾ, മേക്കാവു ഇനങ്ങളുടെ പ്രദർശനം, കുട്ടികൾക്കായി ഗെയിം സോൺ, സെൽഫി മത്സരങ്ങൾ, നഴ്സറികൾ എന്നിവ പ്രദർശനത്തിന്റെ ഭാഗമാകും.
പ്രവേശന നിരക്ക്: മുതിർന്നവർക്ക് 60 രൂപ, 11 വയസ് വരെയുള്ള കുട്ടികൾക്ക് 30 രൂപ. സ്‌കൂൾ ഗ്രൂപ്പുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.
21ന് വൈകിട്ട് ആറിന് സെന്റ്.തെരേസാസ് കോളേജ് ഫാഷൻ വകുപ്പുമായി സഹകരിച്ച് ഫ്ളവർ പ്രിൻസ്, പ്രിൻസസ് മത്സരം സംഘടിപ്പിക്കും. ഇൻഡോർ പ്ലാന്റ്‌സ് ശേഖരം, ഫ്ളവർ അറഞ്ച്‌മെന്റ്‌സ് പരിശീലനം, വെജിറ്റബിൾ കാർവിംഗ് പരിശീലനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സെക്രട്ടറി ടി.എൻ. സുരേഷ്, ജോ.സെക്രട്ടറി എൻ.കെ. ശശികല, ട്രഷറർ പ്രൊഫ. ഏർണി പോൾ, പ്രൊഫ. ജേക്കബ് വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |