പള്ളുരുത്തി: കാലം മാറിയതോടെ കിടപ്പ് പലരും മെത്തയിലാക്കിയെങ്കിലും പായയ്ക്ക് ഇപ്പോഴും ഡിമാൻഡ് ഏറെയെന്ന് വൈക്കം സ്വദേശി കൃഷ്ണൻ. മുപ്പത് വർഷമായി പള്ളുരുത്തി അഴകിയകാവ് ക്ഷേത്ര മൈതാനിയിലെ പുലവാണിഭ മേളയിൽ സജീവ സാന്നിദ്ധ്യമാണ് കൃഷ്ണൻ. തഴയോലയിൽ നിന്നുണ്ടാക്കുന്ന സാധാരണ പായയും മെത്തപ്പായയും മുതൽ പുൽപ്പായ വരെയുണ്ട് കൃഷ്ണന്റെ കൈവശം.
ചെറുപ്പത്തിൽ മാതാവ് ഗൗരിയെ സഹായിക്കാനായാണ് ആദ്യമായി പുലവാണിഭ മേളയിൽ കൃഷ്ണൻ എത്തിയത്. തലമുറകൾ കൈമാറിയ കുലത്തൊഴിൽ അന്യംനിന്ന് പോകാതിരിക്കാൻ വിവാഹ ശേഷം ഭാര്യ ഷൈലജയോടൊപ്പം മേളയിൽ സാന്നിദ്ധ്യമാകുന്നത് തുടരുന്നു.
പായ നെയ്യുന്നത് ഭാര്യയാണ്. ഇതിന് വേണ്ട സാമഗ്രികൾ എത്തിച്ച് കൊടുക്കലാണ് കൃഷ്ണന്റെ ജോലി. വിവിധ തരം പായകളാണ് മേളയിൽ വിറ്റഴിക്കുന്നത്. പായയിൽ രാജാവ് മെത്തപ്പായയാണ്. ഒരെണ്ണത്തിന് 1800 രൂപ മുതലാണ് വില. കൂടാതെ ചിക്ക് പായ, പുൽപ്പായ, സാധാരണ പായകൾ, ചവിട്ടി, മുറം, കുട്ട എന്നിവയും വിൽപ്പനയ്ക്കുണ്ട്
വൈക്കം ഉല്ലലയിൽ താമസിക്കുന്ന കൃഷ്ണന് രണ്ട് പെൺ മക്കളാണ്. മക്കളുടെ വിവാഹശേഷം തനിച്ചായ കൃഷ്ണനും ഭാര്യയം വീട്ടിൽവച്ചാണ് പായ നിർമ്മിക്കുന്നത്. പായ കച്ചവടക്കാരിൽ നിന്ന് ക്ഷേത്രം ഭാരവാഹികൾ തുച്ഛമായ വാടകയേ ഈടാക്കാറുള്ളൂവെന്ന് കൃഷ്ണൻ പറയുന്നു. മേള കഴിഞ്ഞ് ഒരാഴ്ചയോളം കൃഷ്ണനും ഭാര്യയും അഴകിയകാവ് ക്ഷേത്ര മൈതാനിയിൽ തമ്പടിക്കും. തുടർന്ന് അടുത്ത ഉത്സവ സ്ഥലത്തേക്ക് ചേക്കേറും. 66 വയസുകാരനായ കൃഷ്ണന് ഭാര്യയും ഒരു സുഹൃത്തുമാണ് സഹായത്തിനുള്ളത്. പായക്കച്ചവടത്തിലൂടെ താനും ഭാര്യയും അല്ലലില്ലാതെ കഴിഞ്ഞുപോകുന്നതായി കൃഷ്ണൻ ചേട്ടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |