കൊച്ചി: അടിയന്തര ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാൻ വനിത ശിശുവികസന വകുപ്പിന്റെ ഏകദിന വസതി (വൺ ഡേ ഹോം) എറണാകുളം ജില്ലയിലും ആരംഭിക്കുന്നു. നഗരത്തിൽ തനിച്ചെത്തുന്ന സ്ത്രീകൾ, പെൺകുട്ടികൾ, അമ്മമാരോടൊപ്പമെത്തുന്ന 12 വയസിന് താഴെയുള്ള ആൺകുട്ടികൾ എന്നിവർക്ക് സുരക്ഷിതമായി അന്തിയുറങ്ങാം. പദ്ധതിക്കായി കെട്ടിടം അന്വേഷിക്കുകയാണ് അധികൃതർ.
നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളായ റെയിൽവേ സ്റ്രേഷൻ, ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് സമീപമുള്ള കെട്ടിടങ്ങളാണ് അന്വേഷിക്കുന്നത്. തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനൽ സ്റ്റേഷനിലുള്ള കെട്ടിടത്തിൽ ഏകദിന വസതി പ്രവർത്തിക്കുന്നുണ്ട്. എറണാകുളം ജില്ലയിൽ വനിത ശിശുവികസന വകുപ്പ് നടത്തുന്ന കാക്കനാട്ടുള്ള എന്റെകൂട്, കൊച്ചി കോർപ്പറേഷന്റെ ഷീ ലോഡ്‌ജ് എന്നിവയ്ക്ക് പുറമെയാണ് ഏകദിന വസതിയും ആരംഭിക്കുന്നത്.
താമസം 20 പേർക്ക്
കുറഞ്ഞത് 20 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിനായി വിവിധ ജില്ലകളിൽ കെട്ടിടം കണ്ടെത്തി നൽന്നതിനുള്ള നിർദ്ദേശം വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
എല്ലാ ദിവസവും 24 മണിക്കൂറും പ്രവേശനം ലഭ്യമായിരിക്കും. ഒരാൾക്ക് ഒരു ദിവസത്തേക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഒരു ദിവസത്തിന് ഡോർമെറ്ററിക്ക് 150 രൂപയും ക്യുബിക്കിളിന് 250 രൂപയും ഈടാക്കും. അടിയന്തര സാഹചര്യങ്ങളിൽ മൂന്നു ദിവസം വരെ പ്രവേശനം അനുവദിക്കും.
ഒരുദിവസത്തിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ പിന്നീടുള്ള ഓരോ ദിവസത്തിനും 200 രൂപയും (ഡോർമെറ്ററി) 300 രൂപ യും (ക്യുബികിൾ) അടച്ച് പ്രവേശനം നേടാം. മൂന്നു ദിവസത്തിൽ കൂടുതൽ അനുവദനീയമല്ല. മുൻകൂർ ബുക്കിംഗും ഉണ്ടാവില്ല. പ്രവേശ സമയത്ത് യഥാർത്ഥ തിരിച്ചറിയൽ രേഖ ഹാജരാക്കണം.
എന്റെ കൂട്
രണ്ടുമാസം മുമ്പ് വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കാക്കനാട് ഐ.എം.ജിയ്ക്ക് സമീപം നിർമ്മിച്ച കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് എന്റെ കൂട് പ്രവർത്തിക്കുന്നത്. വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാവുക. മാസത്തിൽ പരമാവധി 3 ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം. അടിയന്തര സാഹചര്യങ്ങളിൽ 3 ദിവസത്തിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി വരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. പ്രവേശന സമയത്ത് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. രാത്രി 8 വരെ പ്രവേശനം നേടുന്നവർക്ക് സൗജന്യ ഭക്ഷണം ലഭിക്കും.
ഷീ ലോഡ്‌ജ്
നാല് മാസം മുമ്പ് കോർപ്പറേഷന്റെ ഉടമസ്ഥതയിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ് ഷീ ലോഡ്ജ് ഒരുക്കിയത്. സ്ത്രീകൾക്കൊപ്പമെത്തുന്ന 14 വയസുവരെയുള്ള ആൺകുട്ടികൾക്ക് ലോഡ്ജിൽ താമസിക്കാം. വാർഡനും സെക്യൂരിറ്റിയുമുണ്ടാകും. 97 മുറികളിൽ പകുതി ഹോസ്റ്റലിനായി നീക്കിവയ്ക്കും. മുറികളെല്ലാം ബാത്ത് റൂം അറ്റാച്ച്ഡ് ആണ്. 15, 10 മുറികളുള്ള രണ്ട് ഡോർമിറ്ററികളുമുണ്ടാകും. ഉദ്ഘാടനം കഴിഞ്ഞ ഷീ ലോഡ്ജിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |