ആര് വാഴും, ആര് വീഴും

Sunday 03 May 2026 12:00 AM IST

ഇടുക്കി: നിർണായക തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വൻ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. നേരത്തെ അവകാശപ്പെട്ടതുപോലെയല്ല, അഞ്ചിൽ നാല് മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടന്നതെന്ന് മുന്നണികൾ വിലയിരുത്തുന്നു. ദേവികുളം, പീരുമേട്, ഇടുക്കി, ഉടുമ്പഞ്ചോല മണ്ഡലങ്ങളിൽ രണ്ട് മുന്നണികളും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. റെക്കാഡ് പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. അഞ്ച് മണ്ഡലങ്ങളിലും തങ്ങൾ പിടിക്കുന്ന വോട്ടുകൾ വിധി നിർണയിക്കുമെന്ന് എൻ.ഡി.എയും പറയുന്നു. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെന്നാണ് അറിയപ്പെടുന്നതെങ്കിലും രണ്ട് പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. കഴിഞ്ഞ നാല് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാനുള്ള തീവ്രശ്രമത്തിലാണ് ഇടതുപക്ഷം. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഡീൻ കുര്യാക്കോസ് നേടിയ 1.33 ലക്ഷത്തിന്റെ ഭൂരിപക്ഷവും തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയവും, നഷ്ടമായ സീറ്റുകളെല്ലാം തിരികെ പിടിക്കാമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ദേവികുളമൊഴികെയുള്ള നാല് മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ഓരോ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തുന്ന എൻ.ഡി.എ ഇത്തവണയും ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ബി.ഡി.ജെസിനെ കൂടാതെ ട്വന്റി 20 കൂടി ഒപ്പം ചേർന്നതിന്റെ ആത്മവിശ്വാസത്തിലാണ് അവർ.