കൊട്ടിയൂർ: കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും പൂജാപാത്രങ്ങളും ഉൾപ്പെട്ട ഭണ്ഡാരങ്ങളും മുതിരേരിക്കാവിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച വാളും, ചപ്പാരം ഭഗവതിയുടെ വാളും ഇക്കരെ ക്ഷേത്രത്തിലെ ബലിബിംബങ്ങളും അക്കരെ സന്നിധിയിൽ എത്തിയതോടെ കൊട്ടിയൂരിൽ വീണ്ടും ഒരു ദർശന കാലത്തിന് കൂടി തുടക്കമായി. കഴിഞ്ഞവർഷം ബാക്കിവെച്ച പൂജകൾ തുടങ്ങിയാണ് ഈ വർഷത്തെ ചടങ്ങുകൾ ആരംഭിച്ചത്. അതിന്റെ ഭാഗമായുള്ള ആദ്യ ശീവേലി എഴുന്നള്ളത്ത് ഇന്നലെ രാവിലെ നടന്നു.സ്ത്രീകൾക്കും ദർശന സൗകര്യം ഒരുങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ തന്നെ അക്കരെ കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നിരവധി ഭക്തജനങ്ങളാണ് ആദ്യ ശീവേലി ദർശിക്കാൻ അക്കരെ സന്നിധിയിൽ കാത്തുനിന്നത്. സഹസ്രകുംഭാഭിഷേകം, നവകം,തിരുവത്താഴപൂജ,ശ്രീഭൂതബലി ചടങ്ങുകളും ഇന്നലെ നടന്നു.തുടർന്ന് 36 വെള്ളിക്കുടം കൊണ്ട് ജലാഭിഷേകം പനയൂർ നമ്പൂതിരി നടത്തി.
ചുക്ക് കാപ്പിവിതരണം തുടങ്ങി
അക്കരെ കൊട്ടിയൂരിലെ ആക്കൽ കൈയാലയിൽ ചുക്ക് കാപ്പിയുടെ വിതരണം ആരംഭിച്ചു.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു.മാനേജർ കെ.നാരായണൻ,ആക്കൽ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കഴിഞ്ഞ ഒമ്പത് വർഷക്കാലമായി അക്കരെ സന്നിധിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് ആക്കൽ കൈയാലയിൽ നിന്നും ചുക്ക് കാപ്പി വിതരണം നടത്തുന്നുണ്ട്.
അന്നദാനം തുടങ്ങി
കൊട്ടിയൂർ: ടെമ്പിൾ കോർഡിനേഷൻ കമ്മിറ്റിയുടെയും ഐ.ആർ.പി.സി യുടെയും നേതൃത്വത്തിൽ കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരിയിൽ ഹെൽപ്പ് ഡെസ്കും അന്നദാനവും ആരംഭിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.സുനീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻ തുരുത്തിയിൽ, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, ചന്ദ്രശേഖരൻ, കുഞ്ഞികൃഷ്ണൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം.രാജൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് തുടങ്ങിയവർ സംസാരിച്ചു.സേവാഭാരതിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ അന്നദാനം ആരംഭിച്ചു.ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |