കണ്ണൂർ: കാലവർഷം വീണ്ടും ശക്തി പ്രാപിക്കുമ്പോൾ ജില്ലയിലെ ദേശീയപാതയിലെ ഭീതി അകറ്റാൻ ശാസ്ത്രീയ പരിഹാരവുമായി അധികൃതർ. ദേശീയപാതയിലെ ഗതാഗതത്തെ അടക്കം ബാധിച്ച തളിപ്പറമ്പ് കുപ്പത്താണ് കോൺക്രീറ്റ് നെയിലിംഗ് അടക്കമുള്ള മാർഗങ്ങൾ സ്വീകരിച്ച് മണ്ണിടിൽ പ്രതിരോധിക്കുന്നത്.
ദേശീയപാത പുനർനിർമ്മാണത്തിനിടെ കാലവർഷത്തിന്റെ തുടക്കത്തിൽ ഏറ്റവും പ്രശ്നങ്ങൾ നേരിട്ട മേഖലയാണ് തളിപ്പറമ്പ് കുപ്പം. വലിയ തോതിലുള്ള മണ്ണിടിച്ചിലും വീടുകളിലേക്ക് ചെളിവെള്ളം കുത്തിയൊലിച്ച് കയറിയതടക്കം വലിയ പ്രതിഷേധമാണ് ഇതെ തുടർന്നുണ്ടായത്. വീടുകളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കേണ്ട അവസ്ഥയിലേക്ക് എത്തിയതോടെ കടുത്ത പ്രതിഷേധമാണ് ഇവിടെ ഉണ്ടായത്.
ശാസ്ത്രിയമായ നിർമ്മാണരീതി സ്വീകരിക്കാത്തതും പ്രദേശത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കാത്തതുമാണ് കപ്പണത്തട്ടിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
ദേശീയപാതയ്ക്കായി ഇടിച്ച കുന്നുകളിൽ സോയിൽ നെയിലിംഗ് എന്ന പേരിൽ സിമന്റ് ഗ്രൗട്ട് തേച്ചുപിടിപ്പിക്കുക മാത്രമായിരുന്നു നേരത്തെ കരാർ കമ്പനി ചെയ്തിരുന്നത്. ഇവിടങ്ങളിലെല്ലാം വ്യാപകമായി മണ്ണിടിഞ്ഞ് ഗുരുതരപ്രതിസന്ധി ഉടലെടുത്തു. കപ്പണത്തട്ടിൽ പഴയ ദേശീയ പാതയ്ക്ക് മുകളിലുള്ള മൺതിട്ട ഇടിഞ്ഞതോടെ മണൽച്ചാക്കുകൾ കുന്നിനോട് ചേർത്ത് പാകി പ്രതിരോധം തീർക്കുകയായിരുന്നു.
സോയിൽ നെയിലിംഗ് അല്ല കോൺക്രീറ്റ് നെയ്ലിംഗ്
മണ്ണിടിയാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കമ്പിവലകൾ സ്ഥാപിച്ച് കോൺക്രീറ്റ് നെയിലിംഗ് നടത്തുകയാണിപ്പോൾ കരാർ കമ്പനി. ആദ്യ മഴയിൽ തന്നെ തകർന്നടിഞ്ഞ സോയിൽ നെയിലിംഗ് മണ്ണിടിച്ചിലിന് പരിഹാരമല്ലെന്ന് കേരള കൗമുദി നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ദേശീയ പാതയിലേക്ക് മണ്ണിഞ്ഞതിന്റെ എതിർവശത്തെ മൺ തിട്ടയിലാണ് കോൺക്രീറ്റ് നെയിലിംഗ് തുടങ്ങിയിരിക്കുന്നത്.മൂന്ന് ഘട്ടമായാണ് കോൺക്രീറ്റ് നെയിലിംഗ് പൂർത്തിയാക്കുകയെന്നാണ് അധികൃതർ പറയുന്നത്. മൺതിട്ടയിൽ 8 മീറ്റർ വരെ ദ്വാരമുണ്ടാക്കി ആങ്കർ റോഡുകൾ സ്ഥാപിച്ച് ഇവയെ കമ്പിവലകളുമായി ബന്ധിപ്പിച്ചാണ് കോൺക്രീറ്റ് നെയ്‌ലിംഗ് നടത്തുന്നത്.
കോൺക്രീറ്റ് നെയിലിംഗ് ഭാവിയിൽ മണ്ണിടിച്ചിൽ തടയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുന്ന് ഘട്ടമായാണ് പ്രവർത്തനം പൂർത്തിയാക്കുക. കഴിഞ്ഞ മഴയിൽ ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെയായ വഴികൾ കൺസ്ട്രക്ഷൻ പ്രവർത്തകരുടെ നേതൃത്തിൽ നന്നാക്കുകയും ചെയ്തിരുന്നു. -മേഘ കൺസ്ട്രക്ഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |