കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ ഇന്നലെയും വൻഭക്തജനത്തിരക്ക്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പെരുമാളെ തൊഴാനെത്തിയത്.ഇന്നലെ പുലർച്ചെ തന്നെ ഭക്തജനങ്ങളെ കൊണ്ട് തിരുവൻചിറ നിറഞ്ഞു കവിഞ്ഞു. മണിക്കുറുകൾ ക്യൂ നിന്നതിനുശേഷമാണ് പലർക്കും അക്കരെ സന്നിധിയിൽ എത്താൻ കഴിഞ്ഞത്.
ഉച്ചശീവേലി കഴിഞ്ഞതോടെയാണ് തിരക്കിന് അൽപം ശമനം ഉണ്ടായത്. കഴിഞ്ഞ ശനി ഞായർ ദിവങ്ങളിലെ ഗതാഗതക്കുരുക്കിൽ അഞ്ചു കിലോമീറ്റർ പിന്നിടാൻ 8 മണിക്കൂർവരെ കാത്തുനിൽക്കേണ്ടി വന്നെങ്കിലും ഇന്നലെ ഗതാഗതക്കുരുക്ക് ഒഴിഞ്ഞത് ഭക്തർക്ക് അനുഗ്രഹമായി.
തീർത്ഥാടകരുടെ വാഹനങ്ങളും റൂട്ടിലോടുന്ന വാഹനങ്ങളും ഒഴികെയുള്ള മറ്റു വാഹനങ്ങളെ പാൽച്ചുരം ഒഴിവാക്കി നെടുംപൊയിൽ - പേര്യ ചുരം വഴി പൊലീസ് തിരിച്ചുവിട്ടിരുന്നു. തീർത്ഥാടകരുടെ വാഹനങ്ങളെയും റൂട്ടിലോടുന്ന വാഹനങ്ങളെയും ശനി, ഞായർ ദിവസങ്ങളിൽ ബോയ്സ് ടൗൺ വഴി കടന്നുപോകാൻ അനുവദിച്ചിരുന്നു.ഇതുകാരണമാണ് ഗതാഗതകുരുക്ക് ഒഴിഞ്ഞത്.
പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്ക് ചെയ്യിക്കുകയായിരുന്നു. ഈ മാസം 24 നാണ് നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ അതിപ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലിയും രോഹിണി ആരാധന നാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |