കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജ നാളെ രോഹിണി നാളിൽ അക്കരെ സന്നിധിയിൽ നടക്കും. സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ആലിംഗന പുഷ്പാഞ്ജലിയും നാളെ നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും ഉണ്ടാകും. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തും. പഴശ്ശി കോവിലകത്തു നിന്നുമാണ് ആരാധനയ്ക്ക് വേണ്ട പൂജാദ്രവ്യങ്ങൾ എത്തിക്കുക.
ഞായറാഴ്ച കൊട്ടിയൂരിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. രാവിലെ മുതൽ തന്നെ തിരുവൻചിറയും പരിസരവും ഭക്തജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു. മഴ മാറിനിന്നത് കൊട്ടിയൂരിൽ ദർശനത്തിനെത്തിയവർക്ക് അനുഗ്രഹമായി.
ഇന്നലെ ആയിരക്കണക്കിന് ഭക്തജനങ്ങൾ കൊട്ടിയൂരിൽ എത്തിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലിനെത്തുടർന്ന് റോഡുകളിൽ കാര്യമായ ഗതാഗത കുരുക്ക് ഉണ്ടായില്ല. ഒരാഴ്ച മുൻപ് വരെ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കിലോമീറ്ററുകളോളം മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്കിൽ പെട്ട് ഭക്തർ വലയുന്നത് പതിവായിരുന്നു. പേരാവൂർ, മണത്തണ, ബോയ്സ് ടൗൺ, കേളകം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിയന്ത്രിച്ചു. ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്ക് മാത്രമായിരുന്നു കൊട്ടിയൂരിലേക്ക് പ്രവേശനം. കണ്ണൂർ, വയനാട് യാത്രാ വാഹനങ്ങൾ നെടുംപൊയിൽ - പേര്യ വഴി തിരിച്ചുവിട്ടു. ടൂറിസ്റ്റ് ബസുകൾ കൊട്ടിയൂർ, അമ്പായത്തോട്, കേളകം ഭാഗത്തേക്ക് തിരിച്ചുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |