പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തിൽ ധനു, മകര മാസങ്ങളിൽ നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിനുള്ള അരിക്കായി കൊപ്പൽ വയലിലെ രണ്ടര ഏക്കർ തരിശിടത്തിൽ ഉദുമ പടിഞ്ഞാർക്കര പ്രാദേശികസമിതിയുടെ നേതൃത്വത്തിൽ കൃഷിയിറക്കി.ഉദുമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഞാറ് നട്ടത്.
കലംകനിപ്പ് മഹാനിവേദ്യത്തിനായി പടിഞ്ഞാറെക്കര പ്രാദേശിക കമ്മിറ്റിയുടെ പരിധിയിൽ നിന്നുമാത്രം 850 കിലോയോളം അരി വേണ്ടിവരാറുണ്ട്. ഇത് കണക്കിലെടുത്താണ് കൃഷിയിറക്കാനുള്ള തീരുമാനം ഉണ്ടായത്.
നടീൽ ഉത്സവം പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ.സുകുമാരൻ, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ.വി.അപ്പു, മനോജ് കണ്ടത്തിൽ, കൃഷ്ണൻ കടപ്പുറം, കെ.വി.ചന്ദ്രസേന, പി.പി. ചന്ദ്രശേഖരൻ, കണ്ണൻ കടപ്പുറം, അശോകൻ കക്കൻസ്, കുമാരൻ തായത്ത്, വി.വി.ശാരദ, രമ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കൃഷി പഠനത്തിന്റെ ഭാഗമായി അംബിക എ.എൽ.പി സ്കൂളിലെ കുട്ടികളും നാട്ടുകാരോടൊപ്പം പാടത്തിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |