പയ്യന്നൂർ: കഴിഞ്ഞ മൂന്നര മാസത്തിലധികമായി പയ്യന്നൂരിലെ സംഗീത പ്രേമികൾക്ക് ശുദ്ധ സംഗീതത്തിന്റെ മാസ്മര ലഹരി പകർന്ന് നൽകി പോത്താങ്കണ്ടം ആനന്ദഭവനം സംഘടിപ്പിച്ച ഇരുപതാമത് തുരീയം സംഗീതോത്സവം സമാപിച്ചു.
കഴിഞ്ഞ മാർച്ച് 25ന് തുടങ്ങി പ്രതിഭകളുടെ കൂടിച്ചേരൽ കൊണ്ട് സമ്പന്നമായ സംഗീതോത്സവം 111 രാവുകൾ പിന്നിട്ടാണ് അരങ്ങൊഴിഞ്ഞത്.
പതിവിന് വിപരീതമായി സമാപന നാൾ വൈകീട്ട് മൂന്നിന് കച്ചേരി അരങ്ങേറി. പണ്ഡിറ്റ് രഘുനന്ദൻ പനിഷ്കർ ഹിന്ദുസ്ഥാനി രാഗങ്ങൾ കൊണ്ട് ശ്രീപ്രഭ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ സംഗീതാസ്വാദകരെ വിരുന്നൂട്ടി. പ്രസാദ് കമ്മത്തിന്റെ ഹാർമോണിയവും മായങ്ക് ബഡേക്കറുടെ തബലയും രാഗ പ്രവാഹങ്ങൾക്ക് താള സമൃദ്ധി നൽകി. തുടർന്ന് തുരീയം സുവർണ്ണ കീർത്തിമുദ്ര സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്ക് സ്വാമി കൃഷ്ണാനന്ദ ഭാരതി സമർപ്പിച്ചു.
സമാപന സമ്മേളനത്തിൽ ടി. പദ്മനാഭൻ, എം. മുകുന്ദൻ, പ്രഭാവർമ്മ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ , വിദ്യാധരൻ മാസ്റ്റർ, ആഹ്‌ന വൃന്ദ , റിട്ട. മേജർ ജനറൽ ഇന്ദ്ര ബാലൻ, കേണൽ പരംവീർ സിംഗ് നാഗ്ര തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. തുടർന്ന് ഡോ. കശ്യപ് മഹേഷ്, ബാലഗിരീഷ്, മൂഴിക്കുളം ഹരികൃഷ്ണൻ തുടങ്ങിയവരുടെ പഞ്ചരത്ന കീർത്തനാലാപനത്തോടെ മംഗള പ്രാർത്ഥന ചൊല്ലിയാണ് സംഗീതോത്സവത്തിന് കൊടിയിറങ്ങിയത്.
പ്രപഞ്ചം മുഖ്യ പ്രാണ, ബി. ഹരികുമാർ, സേലം ശ്രീനിവാസൻ, കോപ്പു നാഗരാജൻ, ആലത്തൂർ ടി. രാജ് ഗണേശ്, തെങ്കാശി എച്ച്. പരമശിവം, ആദിത്യനെല്ലൂർ അനിൽകുമാർ, മലക്കോട്ടൈ ആർ.എം. ദീനദയാൽ, വിഷ്ണുപുരം കെ. രഘു എന്നിവർ കീർത്തനങ്ങൾക്ക് പക്കമേളം തീർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |