ചെറുപുഴ (കണ്ണൂർ): വന്യമൃഗഭീതിയിൽ നിന്ന് രക്ഷപ്പെടാൻ കൂരകെട്ടി പാർത്ത കുടുംബങ്ങൾ ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ ഭരണപരമായ വീഴ്ചകളുടെ ഇരകൾ. കേരള - കർണാടക അതിർത്തി തർക്കത്തിന്റെ ഇരകളാണ് ആറാട്ട് കടവ് കോളനിയിലെ അഞ്ച് ആദിവാസി കുടുംബങ്ങൾ.
കേരളത്തിൽ നിന്ന് റേഷൻകാർഡും വോട്ടർ ഐഡിയും ലഭിച്ചെങ്കിലും അവർ വസിക്കുന്നത് കർണാടക സർക്കാർ അവകാശപ്പെടുന്ന ഭൂമിയിലാണ്. ഫലത്തിൽ, ഇരു സംസ്ഥാനങ്ങളുടെയും പൗരന്മാരാണെങ്കിലും ആരുടെയും സംരക്ഷണം ലഭിക്കാത്ത അവസ്ഥയിലാണ് നിലവിൽ ഈ കുടുംബങ്ങൾ.
ആദ്യം പൂർണ്ണ വനമേഖലയായ ആറാട്ടുകടവിൽ ആയിരുന്നു താമസിച്ചിരുന്നത്. എന്നാൽ കാട്ടാന ശല്യവും വന്യമൃഗങ്ങളുടെ ആക്രമണവും രൂക്ഷമായതോടെ, ജീവരക്ഷാർത്ഥം അവർ പുളിങ്ങോം പാലത്തിനടുത്തായി കൂരകെട്ടി താമസം ആരംഭിച്ചു. ഇത് കർണാടക സംസ്ഥാനത്തിന്റെ പ്രദേശമായതാണ് ഇപ്പോൾ ഇവർക്ക് കുരുക്കായത്. നിലവിൽ കർണാടക സർക്കാർ അവരെ കുടിയൊഴിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ഇരു സംസ്ഥാന സർക്കാരുകളും ഉടനടി ഇടപെട്ട് ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ആവശ്യം.
അംഗ സംഖ്യ കുറഞ്ഞു
മുമ്പ് 40 ഓളം കുടുംബങ്ങൾ ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കർണാടക വനത്തിലെ ആറാട്ട് കടവ് കോളനിയിൽ താമസിച്ചിരുന്നു. എന്നാൽ പലരും വിവിധ ദിശകളിലേക്ക് കുടിയേറി. ഇപ്പോൾ അഞ്ച് കുടുംബങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. കേരളത്തിൽ നിന്ന് റേഷൻകാർഡും വോട്ടിംഗ് അവകാശവും ലഭിച്ചെങ്കിലും താമസിക്കുന്ന ഭൂമിയിൽ അവർക്ക് പട്ടയമില്ല.
വാഗ്ദാനങ്ങൾ ജലരേഖ
കേരള സർക്കാർ പെരിങ്ങോം പഞ്ചായത്തിലെ മിച്ചഭൂമിയിൽ സ്ഥലവും വീടും നൽകാനുള്ള പദ്ധതി ഒരുക്കിയിരുന്നു. രേഖകളിൽ ഭൂമിയും പാർപ്പിട നിർമ്മാണവും പുരോഗമിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ വീട് നിർമ്മാണം എങ്ങും എത്തിയിട്ടില്ല. മറ്റൊരു വഴിയും മുന്നിൽ ഇല്ലാത്തതിനാലാണ് ദുരിതം പേറി തങ്ങൾ ഇവിടെ താമസിക്കുന്നതെന്ന് കുടുംബങ്ങൾ പറയുന്നു. തകർന്നു വീഴാറായ കൂരകളിലാണ് താമസം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സുരക്ഷിതത്വത്തിന്റെ അഭാവവും ഇവരുടെ ജീവിതത്തെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |