കണ്ണൂർ: കയറിലൂടെ ടയറും ചവിട്ടിനടക്കുന്നതും മുകളിൽനിന്ന് തട്ടിത്തടഞ്ഞ് താഴേക്ക് പതിക്കുന്നതും ആടിക്കളിച്ച് ഉരുണ്ടുനീങ്ങുന്നതുമായ പാവകൾ, ഒറ്റക്കാലിൽ കൊക്കുകുത്തി നിൽക്കുന്ന പരുന്ത്, കയറ്റം കയറുന്ന ചക്രം, എങ്ങും തട്ടാതെ കറങ്ങിത്തിരിയുന്ന നീളൻകോൽ .മൂന്നുപെരിയ മാവിലായിയിലെ രജിൽ പുനക്കാൽ എന്ന ഇരുത്തംവന്ന മരപ്പണിക്കാരൻ നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചിലതാണ്. തച്ചുശാസ്ത്രവിദ്യയിലെ അത്ഭുതവിദ്യകളെ പകർത്തിയാണ് ആരും മോഹിക്കുന്ന ഈ കളിപ്പാട്ടങ്ങൾ ഈ യുവാവ് നിർമ്മിച്ചിരിക്കുന്നത്. അതും ജോലിക്കിടയിൽ വീണുകിട്ടിയ സമയം കൊണ്ട്. രജിൽ മരത്തടികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ കളിപ്പാട്ടങ്ങൾ കേവലം വിനോദസാധനങ്ങളല്ല. ഗണിതശാസ്ത്രവും തച്ചുശാസ്ത്രവുമെല്ലാം സമന്വയിപ്പിച്ചുള്ള ഉജ്വലകലാസൃഷ്ടികളാണവ.
'നീളവും വീതിയും ഭാരവും എല്ലാം കൃത്യമായി ഒത്തുവന്നാൽ മാത്രമെ ഇത്തരം നിർമ്മിതികൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളുവെന്ന് രജിൽ പറയുന്നു. അളവൊന്നു പിഴച്ചാൽ പാളിപ്പോകും. അത്യന്തം സൂക്ഷ്മതയോടെയാണ് ഓരോന്നും നിർമ്മിക്കുന്നതെന്നും ഈ ശില്പി പറയുന്നു.
മോഹിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ
നിർമ്മിച്ച വസ്തുക്കൾ കൊണ്ട് സ്‌കൂളുകളിലും മേളകളിലും രജിൽ പ്രദർശനങ്ങൾ നടത്താറുണ്ട്. യുവാവിനെ പ്രോത്സാഹിപ്പിക്കാനും കൗതുകവസ്തുക്കൾ വാങ്ങാനായും എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ പ്രോത്സാഹനം ഊർജ്ജമാക്കി അത്ഭുതപ്പെടുത്തുന്ന പുതിയ നിർമ്മിതികളിലേക്ക് തിരിഞ്ഞിരിക്കുകയാണ് രജിൽ. പുനക്കാൽ. രവീന്ദ്രൻ-പ്രേമലത ദമ്പതികളുടെ മകനാണ് ഈ കലാകാരൻ.ഭാര്യ ജീനയും മക്കളായ ഋതുദേവിക, ഋതുരഞ്ജ് എന്നിവരും എല്ലാ പ്രോത്സാഹനവുമായി ഇദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |