കണ്ണൂർ:കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്.സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്.വൈറ്റില ഡിപ്പോയാണ് സംസ്ഥാനത്ത് കൊറിയർ സർവീസിൽ ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം രണ്ടും കോഴിക്കോട് മൂന്നും സ്ഥാനങ്ങൾ കൈവരിച്ചപ്പോൾ തൊട്ട് പിന്നാലെ കണ്ണൂരുമെത്തി.
നിലവിൽ ദിനംപ്രതി പതിനായിരം രൂപ വരെയാണ് കണ്ണൂരിൽ കൊറിയർ വഴിയുള്ള വരുമാനം. നിലവിൽ ആവശ്യക്കാർ ഏറിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാധനങ്ങൾ സംസ്ഥാനത്തിന്റെ ഏത് ഭാഗത്തേക്കും വിശ്വാസ്യതയോടെ കൃത്യമായി എത്തിക്കുമെന്ന പ്രത്യേകതയാണ് തങ്ങളുടെ കൊറിയർ സർവീസിനെക്കുറിച്ച് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്.
രണ്ടുവർഷം മുമ്പാണ് കെ.എസ്.ആർ.ടി.സി കൊറിയർ സർവ്വീസ് തുടങ്ങിയത്. പതിനഞ്ചു കിലോ വീതമാണ് പരമാവധി ഒരു പെട്ടിയിൽ ഉൾക്കൊള്ളിക്കുന്ന ഭാരം.പൊട്ടിപ്പോകുന്ന വസ്തുക്കൾ കൊറിയറിൽ എടുക്കില്ല. ചെറിയ കവർ മുതൽ ഒരു കിലോ വരെയുള്ളത് കൊറിയർ സർവീസിലും ഒരുകിലോ മുതൽ 120 കിലോവരെ പാഴ്‌സലായിട്ടുമാണ് അയക്കുന്നത്.കെ.എസ്.ആർ.ടി.സി നൽകുന്ന സ്ലിപ്പിന്റെ കോപ്പിയുമായി ഡിപ്പോകളിൽ ചെന്നാൽ ഉടമസ്ഥർക്ക് സാധനം കൈപറ്റാം.
16മണിക്കൂറിൽ കേരളത്തിൽ എവിടെയും
3 സ്ലാബുകളാക്കിയുള്ള ചാർജ്
₹130 ഒന്നു മുതൽ അഞ്ച് കിലോ വരെയുള്ള വസ്തുക്കൾക്ക് 200 കിലോമീറ്റർ ദൂരം
₹254 നാനൂറ് കിലോമീറ്റർ ദൂരത്തിന്
₹ 384 അറുന്നൂറ് കിലോമീറ്ററിന്
30 കിലോ വരെ പരമാവധി
സർവ്വീസ് ഇടനിലക്കാരില്ലാതെ
ഇടനിലക്കാരില്ലാതെ കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ്.ഡിപ്പോകളിലെ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ് പ്രവർത്തനം . എം.പാനൽ ജീവനക്കാരാണ് കൗണ്ടറിൽ ജോലി ചെയ്യുന്നത് . നിലവിൽ സ്വകാര്യ വൃക്തികളും ആശുപത്രികളും മരുന്ന് കമ്പനികളുമാണ് കൂടുതലായി കെ.എസ്.ആർ.ടി .സി കൊറിയർ സർവ്വീസിനെ ആശ്രയിക്കുന്നത്.നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |