മാഹി: മലയാള കലാഗ്രാമത്തിൽ വിഖ്യാത കലാകാരന്മാരുടെ സർഗ്ഗ സിദ്ധിയിൽ വിരിഞ്ഞ രചനാ വിസ്മയമായ നടരാജ താണ്ഡവം ചിത്രത്തിന് 25 വയസ്സ് തികഞ്ഞു. മ്യൂറൽ പെയിന്റിംഗ് വിഭാഗം തലവനായിരുന്ന കെ.ആർ.ബാബുവും വനിതകളടക്കമുള്ള കലാകാരന്മാരും ചേർന്നൊരുക്കിയ ഈ ചിത്രം പുതുമവിടാതെ ഇന്നും കലാസ്വാദകരെ ആകർഷിച്ചുവരുന്നു.
കാൽ നൂറ്റാണ്ട് മുമ്പ് സ്വാതന്ത്ര്യദിനത്തിൽ പ്രമുഖ ചിത്രകാരൻ എം.വി.ദേവനാണ് കൂറ്റൻ ചിത്രത്തിന്റെ കൃഷ്ണമണികൾക്ക് നിറം നല്കി മിഴിതുറക്കൽ ചടങ്ങ് നിർവഹിച്ചത്.പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ വരച്ച ചിത്രത്തിന് ഒൻപതടി ഉയരവും 11 അടി നീളവുമുണ്ട്. ജാൻസി, റഹീന, കവിത, ടി.പി.സീമ, പ്രീജ, കെ.ആർ.സീമ, പ്രശാന്ത് ഒളവിലം, സുരേഷ് കൂത്തുപറമ്പ്, സോമൻ ഉണ്ണികൃഷ്ണൻ, അനിൽ പൊന്ന്യം, രാജേഷ് എടച്ചേരി, ജഗദീഷ് ഏറാമല, അരുൺ ജിത്ത്, ജിതേഷ്, കലേഷ് ശ്രീജിത്ത്, ഒ.ടി.കെ.മഹേഷ് , ജയചന്ദ്രൻ, ഷൈലേഷ്, അരുൺ ജിത്ത്, ജിതേഷ് എന്നിവരാണ് കെ.ആർ ബാബുവിനൊപ്പം രചനയിൽ പങ്കാളികളായത്. മലയാളകലാഗ്രാമത്തിന്റെ അകഭിത്തിയിൽ രണ്ടു വർഷത്തിലേറെ സമയമെടുത്താണ് രചന പൂർത്തിയാക്കിയത്. പെൺകുട്ടികൾ ഉൾപ്പെട്ടുകൊണ്ട് ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ ചുമർചിത്രമാണിത്.
തറപറ്റിക്കിടക്കുന്ന 'മുയാലകൻ' എന്ന അസുരന് മേൽ പതിനാറു കൈകളുള്ള പരമേശ്വരൻ നടത്തുന്ന ബ്രഹ്മാനന്ദതാണ്ഡവമാണ് ഈ ചിത്രത്തിന്റെ പ്രമേയം.അലൗകികത്വം നൽകുന്നതിന് പിന്നിൽ ഈ കൈകളും ആയുധങ്ങളും സംഗീതോപകരണങ്ങളുമെല്ലാമാണ്. ശിവന്റെ ചുവന്ന ജടയുടെ വികിരണമാണ് ഈ നടരാജ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധതരം പൂക്കൾ കൊണ്ട് അലംകൃതമാണ് ശിവന്റെ ചെഞ്ചെട. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖൻ, കാളിയൻ, പദ്മൻ, മഹാപദ്മൻ തുടങ്ങിയ അഷ്ട നാഗങ്ങളേയും ചെഞ്ചടയുടെ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |