കണ്ണൂർ: കോലത്തുനാട്ടിലെ ചിറക്കലിൽ നിന്ന് ബോളിവുഡിലെത്തിയ ഇരട്ട സഹോദരങ്ങളായ അങ്കിത് ജയരാജും പ്രീതിഷ് ജയരാജും ഒരുക്കിയ 'രസ' ശ്രദ്ധ നേടുന്നു. പ്രശസ്ത ബോളിവുഡ് നടൻ ശിശിർ ശർമ്മ മുഖ്യവേഷത്തിലെത്തിയ ഹിന്ദിചിത്രത്തിന്റെ സംവിധാനം, നിർമ്മാണം, കഥ, ക്യാമറ, എഡിറ്റിംഗ്, വി.എഫ്.എക്സ്, കളർ ഗ്രേഡിംഗ് തുടങ്ങിയവ കൈകാര്യം ചെയ്തത് ഇരുവരും ചേർന്നാണ്.
വ്യക്തിപരമായ മാനസികഭാരങ്ങളും പഠന വായ്പയും കൊണ്ട് ബുദ്ധിമുട്ടുന്ന വരുൺ എന്ന കഥാപാത്രം (ഋഷി ബിസ്സ), വിചിത്രമായ പ്രതിഭയുള്ള ഷെഫ് അനന്ത് നായർ (ശിശിർ ശർമ്മ) നടത്തുന്ന അനന്ത എന്ന റസ്റ്റോറന്റിൽ അപ്രന്റിസായി ചേർക്കപ്പെടുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്. ആ റസ്റ്റോറന്റിൽ ഒരുക്കുന്ന വിഭവങ്ങൾ ഭക്ഷകരിൽ ആനന്ദം, നൊസ്റ്റാൾജിയ, ആത്മീയ ഉണർവ് തുടങ്ങിയ പ്രത്യേക വികാരങ്ങൾ ഉണർത്തുന്നുവെന്നാണ് പ്രചാരണം. എന്നാൽ, ആ രുചികളുടെ പിന്നിലെ രഹസ്യങ്ങളും രീതികളും അറിയുമ്പോൾ വരുൺ ചില അധാർമിക സത്യങ്ങളും അനന്തിന്റെ ഇരുണ്ട വശവും തിരിച്ചറിയുന്നു.ഫാന്റസി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. പതിവുരീതികളിൽ നിന്ന് മാറി നിൽക്കുന്ന ഒരു ശ്രമമാണ് കഥപറച്ചിലിലും ക്രാഫ്റ്റിലും.
കേരളത്തിൽ കണ്ണൂരിലും എറണാകുളത്തും പ്രദർശനം നടത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ കണ്ടവർ മികച്ച റേറ്റിംഗ് നൽകി.
ചിറക്കൽ റെയിൽവേ സ്റ്റേഷൻ സമീപം ഹരികൃപ വീട്ടിൽ ജയശ്രീ നമ്പ്യാരുടെയും കല്യാശ്ശേരി മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്ത് മീനാക്ഷി നിലയത്തിൽ ജയരാജ് നമ്പ്യാരുടെയും മക്കളാണ് ഇവർ. ദുബായിലെ സൂപ്പർ ജനറൽ കമ്പനിയിൽ ഐടി വിഭാഗത്തിൽ മാനേജറായി ജോലി ചെയ്യുന്ന പിതാവിന്റെ പിന്തുണയോടെയാണ് ഇരുവരും സിനിമാ മേഖലയിൽ കാലുറപ്പിച്ചത്.മൂന്നാം വയസ്സുമുതൽ ദുബായിലാണ് ഇരുവരും വളർന്നത്. പിന്നീട് പുണെയിലും ബെംഗളൂരുവിലും ജോലി ചെയ്തു.
പുതിയ തലമുറയുടെ ദൃശ്യഭാഷ
പുണെ സുപിൻഫോകോം റൂബിക കോളേജിൽ ഡിജിറ്റൽ ഫിലിം മേക്കിംഗ് മാസ്റ്റർ ഡിഗ്രി വിദ്യാർഥികളാണ് അങ്കിതും പ്രീതിഷും. സിനിമാകരിയറിലെ ആദ്യ ചിത്രം തന്നെ ബോളിവുഡിൽ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.
'ഹൈകൺസെപ്റ്റ് വിഷയങ്ങൾക്ക് പ്രൊഡ്യൂസർമാരെ കിട്ടാൻ പ്രയാസമായതിനാൽ കുറെ കഷ്ടപ്പെട്ടുവെന്ന് അങ്കിതും പ്രതീഷും സമ്മതിക്കുന്നു. ആരെയും ലഭിക്കാത്തതിനാൽ സ്വയം പ്രൊഡ്യൂസ് ചെയ്യാനാണ് തീരുമാനിച്ചത്.നാസിക് സ്വദേശിനിയായ റുതുജ പാട്ടിൽ കഥാരചനയിലും നിർമ്മാണത്തിലും പങ്കാളിയായി. ശ്രീദീപ് ഭട്ടാചാര്യ, വിശിഷ്ട ചൗള, രാജീവ് കുമാർ, ജാവേദ് ഖാൻ തുടങ്ങി വിപുലമായ ഒരു സഹപ്രവർത്തക സമൂഹവും ചിത്രത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |