കണ്ണൂർ: 2016 മാർച്ചിൽ കണ്ണൂരിലെ പൊടിക്കുണ്ടിൽ നടന്ന വൻസ്‌ഫോടനത്തിന്റെ ഉത്തരവാദിയായിട്ടും അനൂപ് മാലിക്ക് പൊലീസിന്റെയോ, ഇന്റലിജൻസിന്റോയെ കാര്യമായ നിരീക്ഷണത്തിൽ പെടാത്തതിനെ അത്ഭുതകരം എന്നുമാത്രമെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളു. കീഴറയിൽ സമാനകുറ്റകൃത്യം ആവർത്തിച്ച് ഒരാളുടെ മരണത്തിനിടയാക്കിയപ്പോൾ മാത്രമാണ് പൊലീസ് സംവിധാനം വീണ്ടും ഉണർന്നത്.
അന്ന് പള്ളിക്കുന്നിലെ സ്‌ഫോടനത്തിൽ ഏഴ് വീടുകൾ സമ്പൂർണ്ണമായും ഒൻപത് വീടുകൾ ഭാഗികമായും നശിച്ചിരുന്നു. പരിക്കേറ്റ പത്ത് പേരിൽ നാല് പേർ ഗുരുതരാവസ്ഥയിലുമായിരുന്നു. ആകെ നാല് കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും അനൂപ് മാലിക്കിനെ കാര്യമായി അന്വേഷണം ബുദ്ധിമുട്ടിച്ചില്ലെന്ന് വേണം പിൽക്കാല പ്രവർത്തികളിൽ നിന്ന് മനസിലാക്കാൻ.
നാടിനെ നടുക്കിയ ഒരു സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതി വീണ്ടും ജനവാസ മേഖലയിൽ ഉത്പ്പാദന കേന്ദ്രം തുടങ്ങിയതിന് പിന്നിൽ ഇയാളുടെ ഉന്നത സ്വാധീനം സംശയിക്കുന്നുണ്ട്.പടക്കം മാത്രമല്ല മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ ഉണ്ടാക്കാനും ഇയാൾ സഹായം ചെയ്യുന്നുണ്ടെന്ന സംശയമാണ് ഉയരുന്നത്.
രാഷ്ട്രീയ സംഘർഷവും ബോംബ് പ്രയോഗവും നിരന്തരം നടക്കുന്ന കണ്ണൂരിൽ രാഷ്ട്രീയ പാർട്ടികളുമായി അനൂപ് മാലിക്കിന് ബന്ധമുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയക്കാർക്ക് ബോംബുണ്ടാക്കാൻ വെടിമരുന്ന് നൽകിയിരുന്നതായി സംശയം ഉയരുന്നു.രാത്രിക്കാലങ്ങളിൽ നിരവധിയാളുകൾ വാഹനത്തിൽ വന്നുപോയിരുന്നതായി പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നൽകാനാണ് പദ്ധതി. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം നൽകാനാണ് പൊലീസിന്റെ ലക്ഷ്യം.
ആരുടെ പിന്തുണ?
അനൂപിന് കോൺഗ്രസ് ബന്ധമുണ്ടെന്ന ആരോപണം സി പി.എമ്മും ബി.ജെ.പിയും ഉയർത്തുന്നുണ്ട്. എന്നാൽ ഈ ആരോപണം കോൺഗ്രസ് നിഷേധിക്കുകയാണ്. എല്ലാം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് കണ്ണൂർ ഡി.സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ് വെല്ലുവിളി ഉയർത്തുകയാണ്.പയ്യന്നൂരിൽ ഹാർഡ് വെയർഇലക്ട്രിക്കൽ കട നടത്തിപ്പുകാരനെന്ന വ്യാജേനയാണ് അനൂപ് മാലിക്ക് കണ്ണപുരം കീഴറയിലെ റിട്ടയേർഡ് അദ്ധ്യാപകൻ ഗോവിന്ദൻ കീഴറയിൽ നിന്ന് വീട് വാടകയ്‌ക്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |