തലശ്ശേരി: കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട രഞ്ജി ട്രോഫി സ്വപ്നം പൂവണയിക്കാനുള്ള കേരള ടീമിൽ സാൽമാൻ നിസാറും അക്ഷയ്ചന്ദ്രനും ഇക്കുറിയുമുണ്ടാകും. കഴിഞ്ഞ തവണ കരുത്തരായ ഗുജറാത്തിനെ സെമിയിൽ പിന്തള്ളിയ മത്സരത്തിലടക്കം നിർണായക പ്രകടനം നടത്തിയ താരമാണ് സാൽമാൻ നിസാർ.
2024-25 സീസണിൽ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിൽ കേരളത്തെ റണ്ണറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച സൽമാന് ദുലീപ് ട്രോഫിയിലും അവസരം ലഭിച്ചിരുന്നു.ഇന്ത്യൻ താരം തിലക് വർമ്മ നയിക്കുന്ന സൗത്ത് സോൺ ടീമിലായിരുന്നു ഇടം കൈയ്യൻ മദ്ധ്യനിര ബാറ്റ്സ്മാനായ സൽമാൻ നിസാർ.
തലശ്ശേരി പാലിശ്ശേരി പോലീസ് ക്വാട്ടേഴ്സിനടുത്ത് ബയ്ത്തുൽ നൂറിൽ മുഹമ്മദ് നിസാറിന്റെയും നിലോഫറിന്റേയും മകനായ സൽമാൻ നിസാർ ഇംഗ്ലീഷ് ബിരുദധാരിയാണ്. ലുക്ക്മാൻ ,മിഹ്സാൻ എന്നിവർ സഹോദരങ്ങളാണ്.
ഇടംകയ്യൻ സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് ചന്ദ്രനും കേരളം റണ്ണറപ്പായ കഴിഞ്ഞ സീസണിൽ നിർണായക പ്രകടനം നടത്തിയിരുന്നു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമാണ്. കണ്ണൂർ എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അക്ഷയ് ചന്ദ്രൻ തലശ്ശേരി പാറാൽ ഗോവിന്ദം വീട്ടിൽ ടി.കെ.രാമചന്ദ്രന്റേയും ശാന്തി ചന്ദ്രന്റേയും മകനാണ് .ഭാര്യ ഐശ്വര്യ. മാനസ് ചന്ദ്രൻ ഏക സഹോദരനാണ് .
കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ മുഖ്യ പരിശീലനകേന്ദ്രമായ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലകരായ ഒ വി മസർ മൊയ്തു,ദിജു ദാസ്,എ കെ രാഹുൽ ദാസ് എന്നിവരുടെ കീഴിലാണ് തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരങ്ങളായ സൽമാന്റെയും അക്ഷയിന്റെയും പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |